The Wise, The Ritual and The Totem
'ഞാവൽക്കാടും മേടും കേറി
പാലകൾ പൂക്കണ കാവ് കേറി..
നടപ്പ് പണ്ടേ രസം പിടിച്ച ഒരു പരിപാടിയാണ്. സ്കൂൾ തൊട്ട് കോളേജ് കാലം വരെ നടപ്പൊരു രസമായിരുന്നു ബസ്സ് സ്റ്റോപ്പെത്താൻ ഉള്ള 1 മൈൽ. എല്ലാവരും അന്ന് നടന്നാണ്..... എല്ലാവർക്കും നടപ്പ് normal ആയിരുന്നു!
രാവിലെയുള്ളത്.. നടപ്പെന്നു വിളിക്കുന്നതിലും ശരി, ബസ് പിടിക്കാൻ ഉള്ള ഓട്ടം എന്നാകും! വൈകുന്നേരം പക്ഷേ.. വളരെ പതിയെ.. കാണുന്ന എല്ലാവരോടും കുലശം പറഞ്ഞ് ആടിതൂങ്ങിയാണ് വരവ്.
..മണിയിലഞ്ഞിപ്പൂക്കൾ നുള്ളി
മാല കൊരുക്കാൻ പോകാം.. പോകാം..'
Kunjettan - The Wise
കുഞ്ഞേട്ടൻ്റെ കടയിൽ അന്ന് 10 പൈസക്ക് ഓറഞ്ച് മിഠായി അഥവാ പുളിപ്പ് മിഠായി കിട്ടും. ഞാൻ കോളേജിൽ പഠിക്കുമ്പോളാണ് ഇതിനു 10 പൈസ...സ്കൂളിലായിരുന്നപ്പോ 5 പൈസ ആയിരുന്നു. കടും പുളിപ്പുകാരണം അതുതിന്നാൽ വായിലെ തൊലിയൊക്കെ പോകും..പക്ഷേ നല്ല രുചിയാണ്! 50 പൈസക്ക് 5 എണ്ണം സ്ഥിരം വാങ്ങും. അപ്പോ കുഞ്ഞേട്ടൻ പറയും, "കൊച്ചു മാത്രവേ ഇപ്പൊ ഈ മൊട്ടായി വാങ്ങാറൊള്ളൂ. വേറെ പിള്ളേർക്കൊക്കെ പുതിയ തരവാ വേണ്ടേ. അത് വാങ്ങാൻ മേലാരുന്നോ.."എന്നൊക്കെ.
കുഞ്ഞേട്ടൻ എപ്പോളും പറയാറുള്ള മറ്റൊരു മഹത് വചനം 'കൂടെ നടക്കാൻ ആളുണ്ടെങ്കിൽ പകുതി നടന്നാൽ മതി' എന്നാണ്.
Marker Leaf - The Ritual
ഓറഞ്ച് മിഠായിയും വാങ്ങി, കൂടെ ആരെങ്കിലും ഉണ്ടെങ്കിൽ അവരുംകൂടി പങ്കിട്ട്, അങ്ങനെ പതിയെ പതിയെ നടന്നുതുടങ്ങും. മൊബൈൽ ഇല്ലാതിരുന്നതുകൊണ്ട്, കൂട്ടത്തിൽ ഒരാള് കടന്നുപോയോന്ന് അറിയാൻ, ആദ്യം പോകുന്ന ആൾ വഴിക്കരികിൽ നിന്നൊരു സാമാന്യം വലുപ്പമുള്ള ഇല തണ്ടടക്കം ഒടിച്ചെടുത്ത് റോഡിലിടും. ഇത് എനിക്കും മുന്നേയുള്ള തലമുറ തുടങ്ങി നടപ്പിലാക്കിയ ഒരു ആശയവിനിമയോപാധി.
കയറ്റമായികഴിഞ്ഞാൽ നടപ്പ് വീണ്ടും മന്ദഗതി. പകുതി കുന്ന് കയറിക്കഴിഞ്ഞാൽ ഒരു ഉത്സാഹം കിട്ടാൻ തിരിഞ്ഞുനിന്ന് നോക്കും. വീണ്ടും കയറും. നടന്നു മടുത്ത അവസരങ്ങളിൽ കാറുള്ള ആരെങ്കിലും വരാൻ നമ്മൾ പ്രാർത്ഥിക്കും. ചിലപ്പോൾ പ്രാർത്ഥന ഫലിക്കും.
Drenched Umbrella - The Totem
മഴയുള്ളപ്പോൾ നടക്കുന്നതും വെയിലത്ത് നടക്കുന്നതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. മഴയെന്ന് വെച്ചാൽ ഇടി വെട്ടി, കുട കാറ്റുകൊണ്ടുപോകുന്ന പെരുമഴ. അപ്പോഴും നമ്മൾ നടന്നുതന്നെ പോകാൻ ഇഷ്ടപ്പെട്ടു! നല്ല മഴയാണെങ്കിൽ ഉറവ പൊട്ടി റോഡ് നിറയെ വെള്ളമായിരിക്കും.
രണ്ടുപേര്കൂടി ഒരു കുടയിൽക്കേറിയും.. തല മാത്രം നനയാതെ മേലാസകലം നനഞ്ഞും.. വീട്ടിലേക്കുള്ള പോക്ക്. പിറ്റേന്ന് വേറെ ബാഗ് എടുക്കണം. ഈ ബാഗ് മുഴുവൻ നനഞ്ഞുകുതിർന്ന്, പുസ്തകങ്ങളുടെ അരികുവഴിയും നനയും.
The Wise, The Ritual and The Totem
കൃത്യം 9 മിനിറ്റുകൾ നീണ്ട സ്വപ്നം.
ആ സ്വപ്നത്തിൽ, കുഞ്ഞേട്ടൻ എൻ്റെ കുടക്കീഴിൽ പ്രത്യക്ഷപ്പെട്ടു. ഞാൻ ഞെട്ടി കണ്ണു തിരുമ്മിനോക്കി. ചില ഓറഞ്ച് മിഠായിക്കവറുകൾ കാറ്റിൽ അങ്ങിങ്ങ് പാറി നടന്നു. കവറുകൾ പിടിച്ചെടുക്കാൻ, കുട താഴെവെച്ച് ഞാൻ പിറകെ ഓടി. ഇപ്പോൾ പിടികിട്ടും എന്നായപ്പോൾ അതെൻ്റെ കൈവിട്ടുപോയി.
ഞാൻ ചുറ്റും ശ്രദ്ധിച്ചു.. നേർത്ത ശബ്ദത്തിൽ എന്തോ കേൾക്കാം.
മിഠായിഭരണി തുറന്നെടുത്തോളാൻ കുഞ്ഞേട്ടൻ വീണ്ടും വീണ്ടും പറയുകയാണ്. ഞാനാ ഭരണിയെടുത്ത് കൈയ്യിട്ടു.. അതു കയ്യിൽ നിന്ന് വഴുതി താഴെ വീണു ചിതറി.
തേങ്ങിക്കൊണ്ട് ഞാൻ ആ ചില്ലു പെറുക്കാൻ തുടങ്ങി. ഉരുണ്ടുപോയ എൻ്റെ മിഠായിക്ക് മേൽ മഴ പെയ്തു. തോരാത്ത ഒരു മഴ. നേരം ഇരുണ്ടു. മഴ തോർന്നില്ല. വീടെത്തുന്ന കാര്യം ഓർമ്മിച്ചു ഞാൻ നടന്നുതുടങ്ങി.
എന്നേക്കാൾ മുന്നേ കടന്നുപോയവളുടെ ഇല അടയാളം, ട്രാൻസ്ഫോർമറിനു മുന്നിലായി നനഞ്ഞു കിടപ്പുണ്ടായിരുന്നു.
നടക്കുംതോറും വഴിക്ക് നീളം ഏറിവന്നു. ഇടയ്ക്കൊരു വെളുത്ത പദ്മിനി കാർ കടന്നുപോയി. ഇതാരുടേതെന്നു ഞാൻ അതിശയിച്ചു. പിന്നെയും അതേ കാർ എന്നെ കടന്നുനീങ്ങി. പിന്നെയും.
നാലാം തവണ ഞാനാ കാറിന് കൈ കാണിച്ചു. അതിലെ വെളുത്ത ഡോർ ഞരങ്ങി തുറന്നു.. തുറന്ന രൂപത്തിന് മുഖമില്ലായിരുന്നു. അയാൾ പുറത്തിറങ്ങി ഡിക്കിയിൽ നിന്ന് ഒരു കുട എൻ്റെ നേർക്കു നീട്ടി...
ഞാൻ അതു വാങ്ങിയതും മഴ അവസാനിച്ചു വെയിൽ പരന്നു. എന്തെങ്കിലും ചോദിക്കുന്നതിനു മുന്നേതന്നേ ആ കാർ റിവേഴ്സ് ഓടിത്തുടങ്ങി.
അടുത്തുള്ള കലുങ്കിലേക്കുവെച്ചു ഞാൻ നനഞ്ഞ സഞ്ചി ഉണക്കി. ഉറവവെള്ളം കണ്ടപ്പോൾ വല്ലാത്ത ദാഹം വന്ന് കോരിക്കുടിച്ചു. ആ കലുങ്കിൽത്തന്നെ ഇരുന്ന്, അറിയാതെയൊന്നു മയങ്ങി.
16526 ബാംഗ്ലൂർ കന്യാകുമാരി എക്സ്പ്രെസ്സ് എറണാകുളം ടൗൺ രണ്ടാമത്തെ പ്ലാറ്റ് ഫോമിൽ നിൽക്കുന്നു... എന്ന അനൗൺസ്മെൻ്റ് കേട്ട് തപ്പിത്തടഞ്ഞ് എണീറ്റപ്പോൾ അതേസമയംതന്നെ ഒന്നാം ട്രാക്കിൽ കൂടി ഒരു വെള്ള പദ്മിനി എൻ്റെ ട്രെയിനിനെ വേഗത്തിൽ കടന്നുപോയി.
Comments
Post a Comment