Snippet of Recent Posts

When We Were Strangers

അന്നത്തെ പ്രഭാതം പതിവിലും തണുപ്പുള്ളതായി സൈറ്റ് എഞ്ചിനീയർ രാജേഷിനു തോന്നി. താൻ പണിയുന്ന സൈറ്റിൽ തന്നെയാണ് രാജേഷ് ഉറങ്ങാറ്. തൻ്റെ ആദ്യ കെട്ടിടം പണിയുമ്പോൾ തുടങ്ങിയ ശീലം, രാജേഷ് ഈ ഏഴാമത്തെ കെട്ടിടം പണിയുമ്പോളും തുടരുന്നു. രാജേഷിൻ്റെ പല വിചിത്ര ശീലങ്ങളിൽ ഒന്നുമാത്രമാണിത്... ഒന്നു മാത്രം.

ഈ വമ്പൻ കെട്ടിടത്തിൻ്റെ മുകൾനിലയിൽ നിന്ന് നോക്കിയാൽ റെയിൽവേ ലൈൻ കാണാം. ഈ സൈറ്റ് തിരഞ്ഞെടുക്കാൻ പ്രോജക്ട് ലീഡിനെ രാജേഷ് ചട്ടം കെട്ടിയതും, ഈ റെയിൽവേ ലൈൻ കണ്ടതിൽപിന്നെയാണ്.

രാജേഷിന് കൊങ്കൺ റെയിൽവേയിൽ TTE ആകാനായിരുന്നു മോഹം. RRB എക്സാം കഴിഞ്ഞ്, ഒരു ചൊവ്വാഴ്ച വന്ന ഓഫർ ലെറ്ററിൽ, രാജേഷിനു ലഭിച്ച പോസ്റ്റിംഗ് ബിലാസ്‌പൂർ. കൊങ്കണല്ലാതെ ഒരു ഓപ്ഷൻ രാജേഷിന് ഉണ്ടായിരുന്നില്ല. ഓഫർ നിരസിച്ചു. രാജേഷ് വിചിത്രനാണെന്നു അന്നെല്ലാവരും പറഞ്ഞു. പ്രിയയ്ക്ക് മാത്രം ഒരു പുതുമയും തോന്നിയില്ല.

ഇന്നും അവധി ദിവസങ്ങളിൽ രാജേഷ് നേത്രാവതിക്ക് കയറും. ഒന്നുകിൽ ഉഡുപ്പി ഇറങ്ങി കറങ്ങിത്തിരിഞ്ഞ് മൂകാംബിക വരെ ചെന്നുമടക്കം. അല്ലെങ്കിൽ കുഡൽ ഇറങ്ങി, ഒരു ബസ് പിടിച്ച്, നേരെ വെങ്കുർല. പ്രിയ പറഞ്ഞാണ് രാജേഷ് വെങ്കുർലയെപ്പറ്റി കേൾക്കുന്നത്. ആദ്യത്തെ തവണ പോകാൻ നേരം പ്രിയയെ വിളിച്ചുവെങ്കിലും അവൾക്ക് കല്ല്യാണത്തിരക്കായിരുന്നു. എന്നാൽ രാജേഷിന് ഈ പോക്കൊരു പതിവായി. ഒരു ചൂളം വിളി കേട്ട രാജേഷ് ഫോൺ നോക്കി. പ്രിയയുടെ മെസ്സേജ് : "നീ എവിടാണ്?". രാജേഷിന് ഈ ചോദ്യം ഒരു അലർജിയാണ്. പല തവണ അവളോട് പറഞ്ഞിട്ടുണ്ട് ഈ ചോദ്യം ചോദിക്കരുതെന്ന്. എന്നാലും അവൾ അതുതന്നെയേ ചോദിക്കൂ. എന്താണ് തനിക്കിത് കേട്ടാലിത്ര ദേഷ്യം ഇരച്ചുവരുന്നതെന്ന് രാജേഷിനു തന്നെ അറിയില്ല! "ഞാൻ ഭൂമിയിൽ ഉണ്ടെ"ന്ന് രാജേഷ് മറുപടി അയച്ചു. പ്രിയ, "ദേഷ്യമാണോ?" എന്നു തിരിച്ചുചോദിച്ചു. എന്തിന്, തനിക്ക് എന്തിനാണ് ദേഷ്യം! തനിക്ക് ഒരു ദേഷ്യവും ഇല്ല, പ്രത്യേകിച്ച് അവളോട്... "ഇല്ല", എന്നുമാത്രമേ പക്ഷേ മറുപടി പറഞ്ഞുള്ളൂ. 

നാട്ടിൽ പോയ ബീഹാറി പണിക്കാരൊന്നും തിരിച്ചെത്തിയിട്ടില്ല. അതിനാൽ ആകെ ഒരു ഉത്സാഹക്കുറവ്. സമയം പോകാൻ രാജേഷ് തൻ്റെ ഇൻബോക്സിലെ മെയിലുകൾക്കൊക്കെ മറുപടി അയച്ചു. കൂട്ടത്തിൽ അബൂജഹൽ വലീദ് എന്ന പേരിൽ കണ്ണുടക്കി. തുറന്നു നോക്കണോ വേണ്ടയോ എന്ന ആലോചനയ്ക്കിടെ, ഓഫീസിൽ നിന്നൊരു വിളി വന്ന് അങ്ങോട്ടേക്ക് പോകേണ്ടിവന്നു. എങ്കിലും ആ പേര് രാജേഷിനെ ദിവസമാകെ ശല്യപ്പെടുത്തികൊണ്ടിരുന്നു. ഉച്ചതിരിഞ്ഞു സൈറ്റിൽ തിരിച്ചെത്തിയപാടെ, രാജേഷ് മെയിൽ ബോക്സ് തുറന്നു. 


Hi Rajesh,

I don’t know if this mail will reach you, or if you’ll even want to read it. I’m Waleed. Priya’s partner. I know this might be a strange message, and I apologize in advance if it feels out of place.

In Priya's last book, there’s a chapter about a house. Not just a house—a home. The way it’s described… it felt real. Specific. Like something that had been lived in, or at least deeply imagined. I asked her about it once. She brushed it off. But I’ve read that page more times than I’d admit. She has never come out and said it, but I’ve always felt like there was something in it—something she wanted but never asked for.

I know you are the one who designed it. I don’t know if that makes this request even more awkward… but if you still have the blueprint or the plan, would you be willing to share it with me? We’ve been talking about building a place, a home, and I can’t help but think that somehow, this house, is what she’s been longing for all along. 

I’ve been second-guessing myself writing this. I really don’t want to intrude or make you uncomfortable. But just thought, I’d ask.

Take care,
AW.


പ്രിയയുടെ ബുക്ക്... പ്രിയ എഴുതിയതൊന്നും താൻ വായിച്ചിട്ടില്ലെന്ന് അപ്പോളാണ് രാജേഷ് ഓർമ്മിച്ചത്. പ്രിയ എഴുതുന്ന പുസ്തകങ്ങളെല്ലാം മുടങ്ങാതെ അയയ്ക്കുമെങ്കിലും, ആ പാക്കറ്റ് പോലും തുറക്കാതെ മാറ്റിവെയ്ക്കുകയാണല്ലോ പതിവ്. തനിക്ക് അവസാനം വന്ന കവർ പൊട്ടിച്ച്‌, രാജേഷ്, മഞ്ഞ ചട്ടയുള്ള ഒരു പുസ്തകമെടുത്തു — 

When We Were Strangers – A Story of Remembering and Forgetting.
PRIYA MANICKAM MAGIZHINI.

—  ആ പേര് വായിച്ചപ്പോൾ രാജേഷിന് തണുത്തു. ''എടോ രാജേഷ്, തനിക്ക് വേറേ നല്ല പേരൊന്നും ആരും ഇടാഞ്ഞതെന്തേ... ഈ കോമൺ പേരാണോ ഇത്ര യുണീക് ആയൊരാൾക്ക് ഇടേണ്ട''തെന്ന് ചോദിക്കാറുണ്ടായിരുന്ന പ്രിയ. കൂടുതൽ ചിന്തകളിലേക്ക് പോകാതെ രാജേഷ് വേഗം പേജുകൾ മറിച്ചു. എവിടെയാണ് വീടിനെപ്പറ്റി പരാമർശമെന്നാണ്‌ രാജേഷിന് അറിയേണ്ടത്. ആദ്യം തുടങ്ങി വായിക്കുകയല്ലാതെ കണ്ടുപിടിക്കാൻ ഒരു തരവുമില്ല. ഒടുവിൽ 56-ആം പേജ് എത്തിയപ്പോൾ — ആത്തങ്കുടി ടൈൽ വിരിച്ച നീളൻ വരാന്ത. തുറന്ന നടുമുറ്റം. നടുമുറ്റത്തൊരു ആര്യവേപ്പ്. തുടക്കമേത് അവസാനമേത് എന്നറിയാതെ ചുവരാകെ നീളുന്ന പുസ്തക റാക്കുകൾ... 

രാജേഷിന് തുടർന്നു വായിക്കാൻ ആയില്ല. 

മുറികൾ തിരിക്കാത്ത വീടാണ് തൻ്റെ വീടെന്ന് പറഞ്ഞ പ്രിയ. ആത്തങ്കുടി ടൈൽ സൂക്ഷിച്ചു പെരുമാറേണ്ടി വരുമോ എന്ന് സംശയം ചോദിക്കുന്ന... എക്സ്പോസ്ഡ് കോൺക്രീറ്റും, എക്സ്പോസ്ഡ് ബ്രിക്കും രണ്ടും തനിക്കിഷ്ടമാണല്ലോ, രണ്ടിൽ ഏത് തിരഞ്ഞെടുക്കണം എന്ന് വ്യാകുലപ്പെട്ട പ്രിയ. ഞാൻ മാത്രം ഇങ്ങനെ പറഞ്ഞാൽ മതിയോ, നിനക്കെന്തു വീടാണ് വേണ്ടതെന്ന് കൂടി പറഞ്ഞുകൂടേ, എന്ന് നിർബന്ധിക്കാറുള്ള പ്രിയ.

അപ്പോളും, എപ്പോളും... നീയാണെൻ്റെ വീടെന്നു പറഞ്ഞ രാജേഷ്.

പുസ്തകമടച്ച ശേഷം ആദ്യം തോന്നിയത് നേത്രാവതിയ്ക്ക് ടിക്കറ്റ് ഉണ്ടോയെന്ന് നോക്കാനാണ്. പക്ഷേ നോക്കിയില്ല. സൈറ്റിലെ ഗോപിച്ചേട്ടൻ വന്ന്, "സാർ ഇന്ന് വല്ല്യ ചിന്തയിലാണല്ലോ!'', എന്നു പറഞ്ഞുപോയി. വീണ്ടും കുറച്ചുനേരം അങ്ങനെ ട്രെയിൻ വല്ലതും വരുന്നുണ്ടോയെന്നു നോക്കി, രാജേഷ് എട്ടാം നിലയിലെ ബാൽക്കണിയിൽ നിന്നു. ഒന്നും വന്നില്ല. 

പിറ്റേന്ന്... രാവിലത്തെ ട്രെയിനിൽ രാജേഷ് കോഴിക്കോടേക്ക്‌ പുറപ്പെട്ടു. ഉച്ച തിരിഞ്ഞപ്പോൾ എത്തി. ലിറ്ററേച്ചർ ഫെസ്റ്റിവൽ നടക്കുന്നതിനാൽ കോഴിക്കോട് നല്ല തിരക്കായിരുന്നു. പ്രിയ തൻ്റെ ബുക്സ്റ്റോറിൽ ഉണ്ടായേക്കും എന്നുകരുതി അങ്ങോട്ടേക്കാണ് ആദ്യം പോയത്. അവിടം അടഞ്ഞു കിടന്നു. തിരികെ ബീച്ചിലേക്ക് വന്നുനോക്കി. ഗോവിന്ദിനെ കണ്ടു. "പ്രിയ, ദാ.. ഇപ്പൊ ഇവിടുണ്ടായിരുന്നു", എന്ന് ഗോവിന്ദ് പറഞ്ഞു. നേത്രാവതി കോഴിക്കോട് എത്താറായോ എന്നറിയാൻ രാജേഷ് സമയം നോക്കി. ഇല്ല, ഇനിയും ഒരു മണിക്കൂറുണ്ട്. പ്രിയ തൊട്ടുമുന്നിൽ വന്നു നിന്നപ്പോളാണ് രാജേഷ് തല ഉയർത്തിയത്. 

''പ്രിയ..''
"ഉം, എന്താ നീ ഇവിടെ.."
"വെറുതേ... വെറുതേയല്ല, ഒരു മീറ്റിംഗ് ഉണ്ടായിരുന്നു"
"എന്തു മീറ്റിംഗ് ?"
"അതിപ്പോ അറിഞ്ഞിട്ടെന്താ!"
"എന്നെ കാണാൻ വന്നുവെന്നു കരുതി"
"ഓഹ്"
"എങ്കിൽ ശരി സമയം കളയണ്ട, മീറ്റിംഗിനു പൊയ്‌ക്കോളൂ"
''മീറ്റിംഗ് അവസാനിച്ചു പ്രിയ"

രാജേഷ് പ്രിയയുടെ കയ്യിൽ രണ്ടു ടിക്കറ്റ് വെച്ചുകൊടുത്തു...
"വലീദ് സ്റ്റേഷനിൽ നിൽപ്പുണ്ടാവും. ഈ യാത്ര നീ എടുക്കണം".

ഡെസ്റ്റിനേഷൻ ഏതെന്നു പ്രിയ ചോദിച്ചില്ല. വലീദും, പ്രിയയും ആ യാത്രയിലെങ്ങും ഒന്നും സംസാരിച്ചുമില്ല. കുഡൽ സ്റ്റേഷനിൽ അവരെക്കാത്ത് സാവന്ത് ഉണ്ടായിരുന്നു. കുഡൽ തൊട്ടു വെങ്കുർല വരെ സാവന്ത് നിർത്താതെ സംസാരിച്ചു, ഇടയിലിടയിൽ രാജേഷ് എന്ന പേര് തലപൊക്കി.

ലൈറ്റ് ഹൗസ് കണ്ടപ്പോൾ സാവന്ത് പറഞ്ഞു, "നമ്മൾ എത്തി, കോർണർ കഴിഞ്ഞാൽ വീടായി". താൻ കേട്ടറിഞ്ഞ വെങ്കുർല, രാജേഷിനു പറഞ്ഞു  പരിചയപ്പെടുത്തിയ വെങ്കുർല, താൻ വരാതെ ബാക്കി വെച്ച വെങ്കുർല. പ്രിയ ആദ്യമായി വെങ്കുർലയുടെ കാറ്റു ശ്വസിച്ചു... ആദ്യമായി.

മാനസീശ്വർ മന്ദിറിനു മുന്നിലായി കാർ ഒരു വളവു തിരിഞ്ഞു, ഇടത് വശത്തെ വീട്ടിലേക്ക് കയറി — 

അകലെനിന്നേ പ്രിയ നടുമുറ്റം കണ്ടു... അവിടെ തളിർത്തുനിൽക്കുന്ന ഒരു വേപ്പിൻതൈ. അവൾക്കു വിറച്ചു. അകത്തേയ്ക്ക് കയറാൻ വലീദിനെ മുറുകെ പിടിക്കേണ്ടിവന്നു. ആ കൈ വല്ലാതെ തണുത്തിരിക്കുന്നുവെന്ന് വലീദിന് തോന്നി.

പ്രിയയുടെ ചിന്തകളോ, കണ്ണുകളോ... ഓരോ കോണിലേക്കും സഞ്ചരിച്ചു. 

തിണ്ണയിലെ ടെറാക്കോട്ട ചെക്ക് ആത്തങ്കുടി ടൈൽ. ഇടവിട്ട് വരുന്ന വെളിച്ചം. ആ മുള്ളൻപൂവിനടുത്തായി കുറച്ച് പുസ്തകങ്ങൾ. പുസ്തകങ്ങൾ അവിടെ തുടങ്ങുകയായിരുന്നു... അത് സ്റ്റെയർകേസിനു കീഴേയ്ക്കും, പടികയറി മുകളിലേക്കും നീണ്ടു. തൻ്റെ പ്രിയപ്പെട്ട എഴുത്തുകാർ. തനിക്കു പ്രിയപ്പെട്ട വാം ലൈറ്റ്. ഫ്രഞ്ച് വിൻഡോ തുറന്നു കിടന്നിരുന്നു. അതിനും മേലെയായി ഒരു ബ്രാസ്സ് ഹുക്ക് — പ്രിയ ഓർമ്മിച്ചു — മൺസൂണിൽ നനഞ്ഞു വരുമ്പോൾ തൻ്റെ സ്കാർഫ് ഇടാൻ മാത്രമായി ഒരു ഹുക്ക് പിടിപ്പിക്കണമെന്ന് കളിയായി പറഞ്ഞത്. 

പ്രിയ നിലത്തിരുന്ന് ടൈലിലൂടെ വിരലോടിച്ചു... ഏറെ നേരം. ശേഷം, നടുമുറ്റത്തിറങ്ങി വേപ്പില തൊട്ടു. മൊന്തയിൽ അല്പം വെള്ളം ബാക്കി ഉണ്ടായിരുന്നത്, അവൾ വേപ്പിൻ തൈയ്ക്ക് ചുറ്റും ഒഴിച്ചു. വലീദ് അവളെത്തന്നെ നോക്കിനിൽക്കുന്നുണ്ടായിരുന്നു.

ഒടുവിൽ പ്രിയ എഴുന്നേറ്റ്, ബാഗിൽ നിന്നും തൻ്റെ പുസ്തകത്തിൻ്റെ ഒരു കോപ്പി എടുത്തു. ആദ്യത്തെ പേജിൽ കുറിച്ചു — 

I realise this home is me.
And now I realise, what you meant, when you said I’m your home. 
I couldn’t stay, but this… this can.
So stay here, if you can.

Stay, Rajesh. Let it hold you.

Comments

Popular Posts