കേവല മനുഷ്യൻ

ഇന്നലെകൂടി ഞാൻ കേട്ടതേയുള്ളൂ കലാകാരന് പക്ഷം ചേരാനാവില്ല. കലയ്ക്കും കലാകാരനും ഒരു പക്ഷമേയുള്ളൂ. മാനവികതയുടെ പക്ഷം. 

ഇന്നത്തെ പാട്ട് ...
"ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ..
ഒരു വേള നിൻ നേർക്കു നീട്ടിയില്ല"

എത്രയോ വർഷങ്ങളായി കേൾക്കുന്നു. ആരെയൊക്കെയോ ഓർമ്മിക്കുന്നു.

ഇന്ന് വാലൻ്റൈൻസ് ദിനം. പണ്ടൊക്കെ ഇതൊരു പ്രിയപ്പെട്ട ദിവസം. കോളേജ്. കോളേജിനോളം എനിക്ക് miss ചെയ്യുന്ന മറ്റൊന്നില്ല. പണ്ടേ എനിക്ക് ചുമന്ന റോസാപ്പൂക്കൾ കൊടുക്കാനും കിട്ടാനും വലിയ ഇഷ്ടമാണ്. What better gift than red roses? I don't know any better. Roses or books. Closes the deal for me. 

രാവിലെ കോളേജ് വരുന്നതിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ബസ് തുഷാരം ആയിരുന്നു. തേക്കടിയിൽ നിന്ന് വെളുപ്പിനെ പുറപ്പെട്ട് എറണാകുളം വരെ പോകുന്ന തുഷാരം. തുഷാരത്തിൽ ഒരു കുറിയ കണ്ടക്ടർ ഉണ്ടായിരുന്നു..പേരൊക്കെ മറന്നു. ആ മനുഷ്യൻ ഈ പാഞ്ഞുപോകുന്ന ബസിൽ ബാലൻസ് ചെയ്തു നിൽക്കുന്നത് കാണാൻ ഒരു ഭംഗിയാണ്. തുഷാരത്തിൽ പാട്ട് വയ്ക്കും.. പെട്ടിപ്പുറം സീറ്റിൽ പാട്ടൊക്കെ കേട്ട് സുഖായി ഒരു വരവ്. പിന്നെ എനിക്ക് പ്രിയം ഗുരുദേവ് ആയിരുന്നു. രണ്ടിലും വരുമ്പോൾ, മറ്റൊരിടത്ത്നിന്ന് മറ്റൊരു ബസിൽ യാത്ര ചെയ്ത് വരുന്ന പല സൗഹൃദങ്ങളെയും കാണാൻ കഴിയും            എല്ലാവരും പാലാ പഴയ സ്റ്റാൻഡിൽ കണ്ടുമുട്ടും. എല്ലാ ബസുകളും സ്റ്റാൻഡിൽ നിർത്തുന്ന അൽപനേരം നമ്മൾ അങ്ങുമിങ്ങും തിരയും...കൈ  വീശിക്കാണിച്ചശേഷം താന്താങ്ങളുടെ ഇടങ്ങളിലേക്ക് യാത്ര തുടരും.

ഇങ്ങനെ കണ്ടുമുട്ടാൻ മാത്രമായിട്ടു നമ്മൾ ഈ നിർദിഷ്ട ബസിൽ വന്നോ എന്ന് തോന്നിയെന്നാലും, ഇതൊരു അനുഷ്ഠാനം പോലെ ഞങ്ങൾ എന്നും ചെയ്തുപോന്നു.

ബസിൽ സ്ഥിരം യാത്ര ചെയ്യുന്നതുവഴി ഉണ്ടാകുന്ന ഒരുപാട് സൗഹൃദങ്ങൾ ഉണ്ട്. അവർ ആകെ പരസ്പരം സംസാരിച്ചിരുന്നത് ഈ സമയത്ത് മാത്രം. ഒരാളെ ഒരു ദിവസം കണ്ടില്ലെങ്കിൽ പിറ്റേന്ന് എല്ലാവരും, ബസിലെ ജീവനക്കാർ തൊട്ട് എല്ലാവരും അന്വേഷിക്കും. 

നമ്മളെ പേര് പോലും അറിയാതെ ഇത്ര താൽപര്യത്തോടെ തിരയുന്ന മനുഷ്യർ       നമ്മൾ ആത്യന്തികമായി വെറും മനുഷ്യർ മാത്രമെന്ന് തെളിയിക്കുന്നു. 

കേവല ബന്ധങ്ങൾക്കുവേണ്ടി കൊതിക്കുന്ന കേവല മനുഷ്യൻ. 

Comments

Popular Posts