മാജിക്കൽ റിയലിസം

ഗുന്തർ ഗ്രാസ് ഒരിക്കൽ ഫേസ്ബുക്കിനെപ്പറ്റി പറഞ്ഞു : "500 സുഹൃത്തുക്കൾ ഉളളയാൾക്ക് തത്വത്തിൽ ഒരു സുഹൃത്തുപോലുമില്ലയെന്ന്...that direct experiences-direct contact, also in relation with a book-cannot be replaced by virtual stuff, however appealing it may be".

ജീവിച്ചിരുന്ന കാലത്തോളം ഒരു ടെക്നോളജിക്കും പിടികൊടുക്കാതെ തൻ്റെ എഴുത്തിനെ      പേപ്പറിനോ, അല്ലെങ്കിൽ തൻ്റെ പഴയ ഒലിവെറ്റി ടൈപ്പ്‌റൈറ്ററിനോ മാത്രം കൊടുത്തുപോന്ന ഒരു മനുഷ്യൻ.  

വളരെ യാദൃശ്ചികമായാണ് ഞാൻ ഗ്രാസിൻ്റെ ഈ conversation കേൾക്കുന്നത്. അല്ലെങ്കിൽത്തന്നെയും ഒരുപാടു വർഷങ്ങൾ കൂടിയാണ് ഞാൻ ഗ്രാസിനെപ്പറ്റി ഓർക്കുന്നത്. ഗാബോയെ വായിച്ചശേഷമോ, അതോ മേതിലിൻ്റെ ഏതോ ലേഖനത്തിലോ ആണ്     ആദ്യമായി ഈ പേര് കേൾക്കുന്നത്. ഈ പേരുകളെയൊക്കെ ആദ്യം കേൾക്കുമ്പോൾത്തന്നെ ഞാൻ കുറിച്ചുവെയ്ക്കും. എന്നിട്ടു വേഗം പോയി ലൈബ്രറിയിൽ തപ്പും. കിട്ടാതെവന്നാൽ അന്വേഷിക്കും, മറ്റെവിടെങ്കിലും ഉണ്ടോയെന്ന്...ഇല്ലെങ്കിൽ പുസ്തകമേളയ്ക്ക്  വാങ്ങും. ഇതായിരുന്നു പതിവ്.

ഈ എഴുത്തുകാരൊക്കെ വല്യ പുള്ളികളാണെന്നായിരുന്നു എൻ്റെ വിചാരം...ഇപ്പോളും അങ്ങിനെതന്നെ. 

അങ്ങനെ ഞാൻ കേട്ട മറ്റൊരു പേരാണ് ഷുസ്സേ സരമാഗോ. 'അന്ധത' ഞാൻ പ്ലസ് 1-ൽ പഠിക്കുമ്പോൾ വായിച്ചു. ഗാബോയെ വായിക്കുന്നതിനും മുന്നേ ഞാൻ സരമാഗോയെ വായിച്ചു എന്നതൊരു ക്രെഡിറ്റ് തന്നെ! ആ ക്രെഡിറ്റ് പുസ്തകം തന്ന ആൾക്കാണ്   സുജ. കുറച്ചു വർഷങ്ങൾക്കുശേഷമാണ് അവൾ തന്നതൊക്കെ ഇത്ര വലിയ പുസ്തകങ്ങൾ ആയിരുന്നുവെന്ന് ഞാൻ മനസ്സിലാക്കിയത്!

എന്തെല്ലാം തരം വായനക്കാരുണ്ട്, വായനയും. ഞാൻ കേരളത്തിൻ്റെ ഒരു കോണിലിരുന്ന് ലാറ്റിൻ അമേരിക്കൻ സാഹിത്യത്തെപ്പറ്റി ചിന്തിക്കുന്നു. ഗാബോ ഗാബോ എന്ന് തേങ്ങുന്നു. രണ്ടുപേർ ചുംബിച്ചാൽ ലോകം മാറുമെന്ന് പാസിനെ ഓർമ്മിച്ചു പാടുന്നു.

..I remain restless and dissatisfied; what I knot with my right hand, I undo with my left, what my left hand creates, my right fist shatters.
         'തകരച്ചെണ്ട'യിൽ ഗ്രാസ് എഴുതിയത് എന്നെക്കുറിച്ചുതന്നെ. ഞാനും അവരും ദേശങ്ങൾ കടന്ന്, കാലങ്ങൾ കടന്ന്, ഇന്നിൽ കണ്ടുമുട്ടുന്നു. ഓർമ്മ പുതുക്കുന്നു. പിന്നീട് കാണാമെന്നു പറഞ്ഞ് യാത്രയാകുന്നു     ഇതിൻപേര് മാജിക്കൽ റിയലിസം.

Comments

Popular Posts