വാകമരത്തിൻ്റെ ഓർമ്മയ്ക്ക്..
പൊട്ടിയ തൊലിയുള്ള വാകമരത്തിനു കീഴിലെ, തണുത്ത തണലിൽ ഒളിച്ചിരിക്കുന്ന ആ കല്ലു ബെഞ്ചിൽ, പ്രണയത്തിനു തൻ്റെ മുഖമാണെന്നു പറഞ്ഞു കാത്തിരിക്കാൻ ആരുമുണ്ടായിരുന്നില്ല. മുദ്രാവാക്യങ്ങളും, കാറ്റുചൊല്ലുന്ന കവിതകളും ഏറ്റുപാടാൻ അമ്മച്ചിമാവുകളില്ലാത്ത ക്യാമ്പസ്. വലത്തോട്ടുതിരിഞ്ഞാൽ എൻ്റെ പ്രിയപ്പെട്ട ലൈബ്രറി. മൂന്നുവർഷത്തെ എൻ്റെ ഹൃദയത്തിൻ്റെ കണ്ണുനീർ വീണ് അവ്യക്തമായ അക്ഷരങ്ങൾക്കും, ഒട്ടിപ്പിടിച്ച പേജുകൾക്കുമിടയിൽ - പഴമയുടെ സുഗന്ധത്തിനുള്ളിൽ - എന്നെ ഒളിപ്പിയ്ക്കാൻ ശ്രമിക്കുമ്പോൾ തിടുക്കപ്പെട്ടു കടന്നുപോയ കാലുകൾ ഞാൻ കണ്ടില്ല! ഇടത്തോട്ടുപോയാൽ ( എൻ്റെ ക്ലാസ്സ്മുറി ) ചപ്പിലകൾക്കിടയിലെ സർപ്പത്തിൻ്റെ മുഖവും കണ്ണുകളുമായി ആരൊക്കെയോ.. അവരുടെ ചൂണ്ടുവിരലുകൾ നിവർന്നിരുന്നു. എൻ്റെ നിരയെത്താത്ത പല്ലുകളിലെ വെളുത്ത പൂപ്പ ലിനെക്കുറിച്ചുള്ള ചോദ്യങ്ങളും, കാലം എൻ്റെ തലയിൽനിന്നും ഉരിഞ്ഞെടുത്ത മുടിച്ചുരുളുകളുടെ എണ്ണവും അവരുടെ കയ്യിൽ ഭദ്രമായിരുന്നു. ഒരുപക്ഷേ വിയർപ്പുനാറ്റമുള്ള ഞാൻ അവരെ അസ്വസ്‌ഥരാക്കിയിട്ടുണ്ടാവാം. കട്ടികൂടിയ ചില്ലുകൾക്കുമപ്പുറത്ത് ഉറങ്ങുന്ന കണ്ണുകൾക്കു കീഴിലെ നിഴലിൽ ചുളിവുകൾ വീണത് അവർ കണ്ടിട്ടുണ്