എന്നെ തേടിവന്ന നെയ്‌മണം
ഭക്ഷണം/FOOD
എൻ്റെ പല ഭ്രാന്തുകളിൽ, ഏറെ പ്രിയമായ ഒന്നാണ് ഭക്ഷണം. കാഴ്ച, മണം, രുചി! എത്ര മോശം മാനസികാവസ്ഥയിലും, ഒരു ബിരിയാണി മുന്നിൽ കൊണ്ടുവെച്ചാൽ, എൻ്റെ കണ്ണിലൊരു, കവിളിലൊരു ചിരി പരക്കും. അത്രയ്ക്കൊരു മാജിക് ഭക്ഷണത്തിനുണ്ട്.
എന്നോതൊട്ട് അമ്മച്ചിയുടെ കൈപ്പുണ്യം അറിഞ്ഞ്, ആ രുചിയിലാണ് വളർന്നത്.. ഒരു അളവും അളവുകോലും നോക്കാതെ ആള് വെയ്ക്കുന്ന എന്തിനുമേതിനും വല്ലാത്ത ഒരു സ്വാദാണ്.. അതിലൊരു നാരങ്ങാവെള്ളം പോലും, തലയൊക്കെ ആട്ടി ഓരോ കവിളും ആസ്വദിച്ചേ ഞാൻ കുടിക്കൂ. മറ്റൊരു വീട്ടിൽ നിന്നും, ഔചിത്യം നോക്കിപ്പോലും ഞാൻ ഒന്നുമേ കഴിക്കാറില്ലായിരുന്നു. അത്രയ്ക്കും എൻ്റെ രുചിമുകുളങ്ങൾ സ്വാദ് തേടി... അമ്മച്ചി പറയും, അവർ കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ലേ നമ്മൾ കഴിച്ചില്ലെങ്കിൽ അവർക്ക് സങ്കടം വരുമെന്ന്. ഞാനോ, സ്വാദ് ഇല്ലാത്തിടത്ത് സങ്കടം വന്നിട്ട് കാര്യമുണ്ടോ, എന്ന് പറയും. ഒരു ക്രൂരയായിരുന്നു ഞാൻ!
വർഷങ്ങൾ പിന്നെയും കടന്നാണ്, മറ്റൊരു വീട്ടിലെ ഭക്ഷണം എനിക്കിഷ്ടമാകുന്നത്. പല സുഹൃത്തുക്കളുടെയും അമ്മമാർ ഭക്ഷണം വിളമ്പിയിട്ടുണ്ടെങ്കിലും, എനിക്കേറ്റവും പ്രിയം അനുവിൻ്റെ മമ്മി ഉണ്ടാക്കുന്നതായിരുന്നു. മമ്മിക്ക് എൻ്റെ ഇഷ്ടങ്ങളെപ്പറ്റി നല്ല ധാരണ ആയിരുന്നു — കടുപ്പം കൂട്ടി, മധുരം കുറച്ചെടുത്ത ചായ തുടങ്ങി, ചെറുചൂടിൽ നേരമെടുത്ത് വരട്ടിയ പയർ മെഴുക്കുപുരട്ടി വരെ, മമ്മി എനിക്കുമാത്രമായി തയ്യാറാക്കിവെച്ചു. മമ്മി എല്ലാവരെയും സ്നേഹിച്ചത് ഭക്ഷണത്തിലൂടെയായിരുന്നു. രാവിലെ ചെല്ലുമെന്നറിഞ്ഞാൽ ആൾ എനിക്ക് മാത്രമായി ഇഡ്ഡലിയും സാമ്പാറും ഉണ്ടാക്കും!
ഇഡ്ഡലിയും സാമ്പാറും — അതൊരു ദൗർബല്യമാകുന്നു. എത്ര കൂട്ടുകാരുടെ വീട്ടിൽ, ഇതുപോലെ രാവിലെ ചെന്ന് ഇഡ്ഡലിയും സാമ്പാറും കഴിച്ചിരിക്കുന്നു! പറഞ്ഞുപറഞ്ഞ് അത്രയ്ക്ക് പരിചയമായിരുന്നു അവർക്കൊക്കെ ഈ ഇഷ്ടങ്ങൾ — ഇഡ്ഡലി മുതൽ ഇമാം പസന്ദ് മാമ്പഴം വരെ, ചെമ്മീൻ ബിരിയാണി മുതൽ ബാർ വൺ ചോക്കലേറ്റ് വരെ — ഇഷ്ടങ്ങളുടെ നീണ്ട പട്ടിക. പട്ടിക കാണാതെ പഠിച്ച് ഹൃദയം നിറച്ചവർ!
ഇഷ്ടമുള്ളവരുടെ ഇഷ്ടഭക്ഷണം അറിഞ്ഞുവെച്ച്, ഓർത്തുവെച്ച്, അതുണ്ടാക്കിയോ/വാങ്ങിയോ നമ്മളെ അമ്പരപ്പിക്കാൻ ചില മനുഷ്യർക്ക് പ്രത്യേക വാസനയാണ്. ''ബാർ വൺ ഒക്കെ ഇപ്പൊ എവിടുന്നു സംഘടിപ്പിച്ചു? ഈ തരം ചുവന്ന ലഡ്ഡു ഇപ്പോളും കിട്ടാറുണ്ടോ കടകളിൽ? എന്നും... ഇതിൽ വാളൻപുളി ആണോ കുടംപുളി ആണോ ഇട്ടത്? വെളുത്തുള്ളി നല്ലപോലെ ചേർത്തിട്ടുണ്ടല്ലേ? ഇതിൽ സ്പെഷ്യൽ ആയിട്ട് എന്തെങ്കിലും ഉണ്ടോ, എന്തൊരു രുചി ഇത്!''... എന്നൊക്കെ എടുത്തുചോദിക്കുന്നത് കേട്ട്, മനസ്സു നിറഞ്ഞ്, നമ്മൾ കഴിക്കുന്നത് കണ്ടാസ്വദിക്കുന്ന എത്രയോ പേര്... എത്ര സുഹൃത്തുക്കൾ, എത്രയോ അമ്മമാർ.
ടിവിയിൽ ഒരു നൂറു വട്ടം കണ്ട (ഇന്നും കണ്ടുകൊണ്ടിരിക്കുന്ന) പ്രിയൻ-ലാലേട്ടൻ പടം പോലെയാണ് വീട്ടിലെ ഭക്ഷണമെങ്കിൽ.. ഓണാവധിക്ക് കാത്തിരുന്ന് പോയൊരു തീയേറ്റർ പടം പോലെയാണ്, ഹോട്ടലിലെ കഴിപ്പ്. രണ്ടും വേണ്ടേ നമുക്ക്? വേണമല്ലോ...
പണ്ടൊക്കെ കോഫി ഷോപ്പ് ഒരു ഫോറിൻ പേരായിരുന്നു. ബേക്കറി എന്ന നാടൻ പേരിലാണ് അവയൊക്കെ അറിയപ്പെട്ടത് (ചോയ്സ് ബേക്കറിയിലെ പഫ്സും, കട്‌ലറ്റും, കാപ്പിയും.. ഹാ!!). വീട്ടിലുണ്ടാക്കുന്ന കൊഴുക്കട്ടയും, അടയുമൊന്നും ആരും അന്ന് ബേക്കറിയിൽ വെയ്ക്കാറില്ല, വാങ്ങിക്കഴിക്കാറുമില്ല! അതൊരു കാലം... മഹാറാണി തിയേറ്ററിൽ മാറ്റിനി ഷോ, പടം കഴിഞ്ഞാൽ കോഫി ഹൗസിൽ നിന്ന് പൊറോട്ടയും ഗ്രീൻ പീസ് കറിയും — ഇതായിരുന്നു പതിവ്. സിനിമ തീർന്നാലുടൻ എല്ലാവരും വേഗത്തിൽ ഇറങ്ങി റൗണ്ടാന കടന്നു കോഫി ഹൗസിലേക്ക് ഓടും, ഇല്ലെങ്കിൽ സീറ്റ് കിട്ടില്ല. അത്ര തിരക്കായിരിക്കും. ഒന്നോർത്താൽ 'പൊറോട്ട അനുഭവങ്ങൾ' മാത്രം ഇങ്ങനെ എത്ര! വായിൽ വെള്ളം നിറയുന്ന, മിൽക്ക് ബാറിലെ പൊറോട്ടയും ബീഫും.. റോസ് മരിയയിലെ പൊറോട്ടയും ചില്ലി ചിക്കനും.. കീർത്തി ഹോട്ടലിലെ പൊറോട്ടയും സാമ്പാറും. അങ്ങനെ വലിയ-എളിയ കോംബിനേഷൻസ്. ഒരിടത്തെ കോംബോ മറ്റൊരിടത്ത് വർക്ക് ആവില്ല. അതാണതിൻ്റെ കിടപ്പുവശം!
ഇന്ന്... മഹാറാണി തീയേറ്റർ പൂട്ടിക്കിടക്കുന്നു. കോഫി ഹൗസിൻ്റെ സ്ഥാനവും, പഴയ രുചി തന്നെയും, മാറി. മിൽക്ക് ബാറിൽ പോയിട്ട് ഏറെ നാളുകൾ ആകുന്നു. കാലം എല്ലാത്തിനെയും മാറ്റുന്നു.
എന്നാലോ ആ കാലം തന്നെയാണ് അനവധി രുചികളുടെ ലോകത്തിലേക്ക് — കൊച്ചിയിലേക്ക് എന്നെ കൊണ്ടെത്തിച്ചത്. ശ്രീ മുരുകയിൽ നിന്ന് പഴംപൊരിയും ബീഫും, റഹ്മാനിയയുടെ കൊച്ചി സ്റ്റൈൽ ബിരിയാണി, വോൾഗയിലെ പോർക്ക്, ഭാരതിലെ കട്‌ലറ്റ്, ഷിഫൂസ് മോമോ, ഗ്രാൻഡ് ഹോട്ടൽ ഊണ്, ബൃന്ദാവനിലെ ഊണ്, ബികാസ് ബാബുവിലെ ജിലേബി, മിലാനോയുടെ ഐസ്ക്രീം, കൊക്കോ ട്രീയിലെ പാസ്ത, ചോപ്സ്റ്റിക്‌സിലെയും ചിയാങിലെയും രുചികൾ... ഒക്കെ ചേർന്നൊരു list of favourites. എണ്ണിയാലും എണ്ണിയാലും തീരില്ല! ഓരോന്നിലും ഓരോരോ കൊച്ചി ഓർമ്മ.
ഓർമ്മകൾക്ക് കൊച്ചിയെന്നോ ബാംഗ്ലൂരെന്നോ ഭേദമുണ്ടോ?
ബാംഗ്ളൂർ മാവള്ളി ടിഫിൻ റൂമിൽ, ഇടികൂടി സീറ്റ് പിടിച്ച് കഴിച്ചൊരു മൊരിഞ്ഞ മസാല ദോശയാവട്ടെ... മുംബൈയുടെ ഖാവ് ഗലിയിൽ നിന്ന് രുചിച്ച നിറയെ ചീസ് ഇട്ട ഫ്രാങ്കി ആവട്ടെ.. കച്ചിലൊരു വഴിവക്കിൽ നിന്ന് ആദ്യമായി അറിഞ്ഞ മാവയുടെ മധുരം ആവട്ടെ.. സ്‌പിറ്റി വാലിയിലൂടെയുള്ള യാത്രക്കിടെ, ചന്ദ്ര ധാബയിലെ ചാച്ച നൽകിയ ആലൂ പറാത്തയാവട്ടെ. പാലായാവട്ടെ, കൊച്ചിയാവട്ടെ, ബാംഗ്ളൂർ ആവട്ടെ, മുംബൈ ആവട്ടെ, സ്പിറ്റി ആവട്ടെ. എവിടെയും ഭക്ഷണത്തിന് ഒരേ വികാരമാണ്. ഞങ്ങളുടെ ഭക്ഷണമൊക്കെ ഇഷ്ടമായോ എന്ന് കാര്യമായി ചോദിച്ചറിയുന്ന.. എന്തെങ്കിലും പ്രത്യേകം ഉണ്ടാക്കണോ എന്ന് കുശലം ചോദിക്കുന്ന.. നല്ല ചൂട് പനീർ പക്കോട ഉണ്ടാക്കാം എന്ന് പറഞ്ഞുകൊതിപ്പിക്കുന്ന മനുഷ്യർ. എവിടെയും ഒരു മനുഷ്യനെ മറ്റൊരു മനുഷ്യനോട് ചേർത്തു നിർത്താൻ ഭക്ഷണത്തിനാകും... ഭാഷയും, ദേശവും, കാലവും കടന്നും.
മറ്റുള്ളവരുടെ പാചകത്തിലൂടെ സൃഷ്ടിക്കപ്പെട്ട അനേകം ഓർമകൾ എനിക്കുണ്ടായിരുന്നെങ്കിലും, സ്വന്തം പാചക അനുഭവങ്ങൾ സൃഷ്ടിക്കാൻ തോന്നിയ കാലം വന്നപ്പോൾ, ആദ്യമായി പള്ളിക്കൂടത്തിൻ്റെ പടി ചവിട്ടിയ കുട്ടിയെപ്പോലെ ഞാൻ പകച്ചു. ഇപ്പോളും പകച്ചുതന്നെ പഠിച്ചുകൊണ്ടിരിക്കുന്നു. പഠിക്കണമെന്ന ഈ തോന്നലിന് ഒന്നാമത്തെ കാരണം, ഫോക്സ് ലൈഫ് എന്ന ഫുഡ് ആൻഡ് ട്രാവൽ ചാനലാണ്. ഡേവിഡ് റോക്കോ, ഗാരി മെഹിഗൻ, ഗൈ ഫിയറി ഇവരൊക്കെ ഇന്നേ വരെ കേൾക്കാത്ത, കാണാത്ത ലോകത്തെ പല ഇടങ്ങളിലുള്ള ഭക്ഷണ സംസ്കാരത്തെ കാണിച്ചു തന്നെങ്കിൽ.. ഗോർഡൻ റാംസെ, നൈജെല്ല ലോസൺ, ജാമി ഒലിവർ — ഈ മൂന്ന് പേരാണ് എന്നെ പാചകം ഒരു കലയെന്നു കാണിച്ചുതന്നത്.
ഗോർഡൻ ഓരോ ചേരുവകൾ എടുത്തു പെരുമാറുന്ന വിധം കണ്ട് എന്നിലെ ഭക്ഷണപ്രേമി അമ്പരന്നു പോയി. Hell's Kitchen-ൽ ഒരു ചെറിയ തെറ്റിന് ചെവിപൊട്ടുന്ന ചീത്ത വിളിക്കുന്ന ഈ മനുഷ്യൻ, Gordon's Great Escape-ൽ നമ്മുടെ കോഴിക്കോടൊക്കെ വന്ന്, അവിടുത്തെ ഉമ്മച്ചിമാരുടെ അടുത്ത് ചിരവയിൽ തേങ്ങാ ചിരകാൻ പഠിക്കുന്നതും, തെറ്റിച്ച് അവരുടെ വഴക്കു കേൾക്കുന്നതും ഞാൻ കണ്ടു. ഗോർഡൻ ഇന്നും എൻ്റെ പ്രിയ ഗോർഡൻ ചേട്ടനായി തുടരുന്നു (അമ്മച്ചി ഇടയ്ക്കു പറയുന്നപോലെ : ഗോർഡൻ ആരിക്കും ഇവളടെ വല്യപ്പൻ!). നൈജെല്ല ഒരു 'character' ആണ്.. ഒരിക്കൽ പരിചയപ്പെട്ടാൽ ആരും മറക്കാത്ത ഒരു character. ആ husky ശബ്ദത്തിൽ ഏതു ഭക്ഷണം ഉണ്ടാക്കുന്നതും എത്ര നേരം വേണമെങ്കിലും വെറുതെ കേട്ടിരിക്കാം, കണ്ടിരിക്കാം. പാചകം ചെയ്യുന്നത് ഒരു ബാധ്യത എന്നല്ല, ആസ്വദിക്കാനൊരു അവസരം എന്നതാണ് പുള്ളിക്കാരിയുടെ മനോഭാവം. ഇന്നാട്ടിലെ രീതികൾ പരിചയിച്ച നമുക്ക്, ആളുടെ അർദ്ധ രാത്രിയിലെ fridge raid ഒക്കെ അതിശയമാകും! ഇങ്ങനെയും പാചകം ചെയ്യാമെന്ന് നൈജെല്ലയെക്കണ്ട് ഞാൻ തിരിച്ചറിഞ്ഞു. ജാമി നമ്മളുടെ അയൽവക്കത്തെ ചേട്ടനെക്കണക്കാണ്... simple, approachable, comforting. ലളിതമായ ഒരു ടൊമാറ്റോ സാലഡിനെപ്പോലും, ഒരു ഫൈവ്-സ്റ്റാർ വിഭവമെന്നമട്ടിൽ, ആവേശത്തോടെ ആഘോഷിക്കും പുള്ളിക്കാരൻ. പിന്നെയും ഒരുപാട് ഒരുപാട് വർഷങ്ങൾ കഴിഞ്ഞാണ്, ജാമിയുടെ മുംബൈ റെസ്റ്റോറൻ്റിൽ പോയി കഴിക്കാനൊരു ഭാഗ്യം ഒക്കുന്നത്. എന്തോ അന്നെനിക്ക് സ്വർഗം കിട്ടിയ പ്രതീതി ആയിരുന്നു!
ഇവരെയൊക്കെ കണ്ടു തുടങ്ങിയെങ്കിലും, എൻ്റെ ഈ culinary journey ഇത്ര വികാസം പ്രാപിച്ചത്, ഇൻ്റർനെറ്റിൻ്റെയും യൂട്യൂബിൻ്റെയും വരവോടെയാണ്. ഒരുപാട് രാജ്യങ്ങളിലെ ഒരുപാട് ഭക്ഷണങ്ങൾ ഞാൻ കണ്ടു, പലതെപ്പറ്റിയും വായിച്ചു. മാർക്ക് വെയ്‌ൻസ് അതിനൊരു പ്രധാന കാരണക്കാരൻ ആണ്—ആള് പോകാത്ത നാടില്ല, കഴിക്കാത്ത ഭക്ഷണമില്ല. ഇന്ത്യയുടെ തന്നെ പല കോണുകളിലെ രുചിഭേദങ്ങൾ, പലരും ഇൻ്റർനെറ്റിലൂടെ എനിക്ക് പറഞ്ഞുതന്നു. റെസിപ്പി വായന പതിയെപ്പതിയെ ഒരു ഹോബി ആയി. അതിൽ രുംകി ചേച്ചിയുടെ ബംഗാളി വിഭവങ്ങൾ തുടങ്ങി, ആരുഷിയുടെ ഗുജറാത്തി വിഭവങ്ങൾ, കണ്ണമ്മ ചേച്ചിയുടെ തമിഴ് നാട് വിഭവങ്ങൾ, തേജ പരുച്ചൂരിയുടെ തെലങ്കാന വിഭവങ്ങൾ വരെ പെടും. ഇതൊക്കെ പോരാഞ്ഞ്, അങ്ങ് കൊറിയയിലെ മാങ്ചിയും, അയർലണ്ടിലെ ജെമ്മയും എന്നെ യമണ്ടൻ പേരുകളുള്ള എന്തെന്തൊക്കെയോ ഉണ്ടാക്കാൻ പഠിപ്പിച്ചു... ഇന്നും പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.
ജെമ്മ നൽകിയ കണക്കും അളവും അണുവിട തെറ്റാതെ പിന്തുടർന്നാണ് ഞാൻ ആദ്യമായി ചോക്ലേറ്റ് കേക്ക് ഉണ്ടാക്കിയത്. നടൻ അജിത് തൻ്റെ സെറ്റുകളിൽ വെക്കാറുള്ള അജിത് ബിരിയാണിയുടെ കഥയും, ആ പാചകക്കുറിപ്പും തന്നത് കണ്ണമ്മയാണ്. നമ്മളുടെ ലക്കോട്ടപ്പം പോലെ ബംഗാളികൾക്ക് പതിശപ്താ പീത്താ എന്നൊരു മധുര വിഭവമുണ്ടെന്ന് രുംകിയാണ് പറഞ്ഞത്. ഈ ആരുഷിയുടെ ഗുജറാത്തി തെപ്ല ഉണ്ടാക്കിക്കഴിച്ചപാടേ ആൾക്കൊരു ദീർഘ ഈമെയിൽ വരെ ഞാൻ അയച്ചു! കാരണം തെപ്ലയുമായൊരു ബന്ധം അതിനും മുന്നേയുണ്ട് — കച്ചിലേക്കുള്ള ട്രെയിൻ യാത്രക്കിടെ കണ്ടുമുട്ടിയ ഒരു അപ്പൂപ്പനാണ് എന്നെ ആദ്യമായി തെപ്ല കഴിപ്പിക്കുന്നത്. ഹിന്ദിയോ ഇംഗ്ലീഷോ അറിയാത്തതിനാൽ ഗുജറാത്തിയിലും, ബാക്കി ആംഗ്യ ഭാഷയിലും സംസാരിച്ച ആ മനുഷ്യൻ.. തനിക്കുള്ളതിൽ നിന്ന് പങ്കുവെച്ചുതന്ന തെപ്ലയും, ശേഷം, മതിയെന്ന് ഏറെ പറഞ്ഞിട്ടും, വീണ്ടും വിളമ്പിയ നിറയെ അണ്ടിപ്പരിപ്പിട്ട ക്യാരറ്റ് ഹൽവയും. ഇപ്പോളും ആ സ്വാദെനിക്ക് ഓർത്തെടുക്കാം!
മാജിക്... ഭക്ഷണത്തിൻ്റെ മാജിക്! കഴിക്കുന്നവർക്കും കൊടുക്കുന്നവർക്കും ഒരുപോലെ മനസ്സുനിറയും. ഭക്ഷണത്തിലൂടെ... മനുഷ്യരും, ഭാഷകളും, സംസ്കാരങ്ങളും, കഥകളും എന്നിലേക്ക് അലസം ഒഴുകി വന്നു. പുട്ട്-കടലക്കറി മിക്സിൽ അല്പം ചായ കൂടി ഒഴിച്ചാൽ അപാര രുചിയാണെന്ന് ആര് പറഞ്ഞുവെന്നുപോലും ഓർമ്മയില്ല... അപ്പോൾ തൊട്ട് എനിക്കതാണ് പ്രിയം. ഈ ലോകം അത്ര വലിയതല്ല, അത്ര അന്യവുമല്ല എന്നൊരു ചിന്ത മുളപ്പിച്ചത് ഈ മനുഷ്യരൊക്കെ ചേർന്നാണ്. അങ്ങനെ ഞാൻ, അറിയാതെ തന്നെ ഒരു ആഗോള കുടുംബത്തിൽ അംഗമാവുകയായിരുന്നു.
ഇതെഴുതുമ്പോൾ അമ്മച്ചി ഒരു ചെറിയ പിഞ്ഞാണം അവൽ വിളയിച്ചത് കൊണ്ടുവന്നു. ശ്ശോ എനിക്കത്ര വിശക്കുന്നില്ലല്ലോ! നീ കഴിച്ചുനോക്കെന്നു പറഞ്ഞു, അമ്മച്ചി. മടിയോടെ ഒരു സ്പൂൺ എടുത്തു — മൂക്കൊരു നെയ്‌മണം പിടിച്ചെടുത്തു — ഇതിൽ നെയ്യൊക്കെ ചേർത്തോ?! ഒരു സ്പൂൺ അവൽ വായിലെത്തി. അണ്ടിപ്പരിപ്പും കിസ്മിസും നെയ്യിൽ വറുത്തിട്ട്, അതേ നെയ്യിൽ അവൽ വരട്ടി, അവലോളം തന്നെ തേങ്ങയും, ശർക്കര ഉരുക്കിയതും ചേർത്ത്...
പിഞ്ഞാണം കാലി!
Comments
Post a Comment