ഹാപ്പനിംഗ്
ചില സിനിമകൾ, ചില പുസ്തകങ്ങൾ, ചില പെർഫോമൻസുകൾ... ചിലപ്പോൾ നമുക്ക് മിസ്സ് ആകാറില്ലേ? ഒന്നുകിൽ സമയം കിട്ടാതെ വരിക. ഇല്ലെങ്കിൽ, മറ്റേതെങ്കിലും കാര്യങ്ങൾക്കു പിറകെ നടന്നിട്ട്. ഇല്ലെങ്കിൽ മറന്നുപോയിട്ട്. അങ്ങനെ അങ്ങനെ. അന ഡി അർമാസിൻ്റെ Ballerina ഇറങ്ങിയപ്പോൾ അതെനിക്ക് മിസ്സ് ആയി. എൻ്റെ തിരക്ക് കഴിഞ്ഞപ്പോൾ അത് തീയേറ്ററിൽ നിന്നുംപോയി. അതുപോലെ, പ്ലാനിട്ടെങ്കിലും നടക്കാതെപോയി, ഡക്കോട്ട ജോൺസൻ്റെ Materialists. രണ്ടും പിന്നീട് OTT വന്നുകണ്ടപ്പോൾ എനിക്കെന്തോ അത്ര സുഖായില്ല. സിനിമ തീയേറ്ററിനുള്ളതാണ്. ഏറ്റവും കുറഞ്ഞത് Ballerina എങ്കിലും. അല്ലെങ്കിൽ നമ്മുടെ മലയാളത്തിൻ്റെ സ്വന്തം ലോകഃ എടുത്താലും.. ലോകഃ കണ്ടപ്പോൾ, അങ്ങനെയെങ്കിലും കൊച്ചുകുട്ടികൾ നാടിൻ്റെ ഐതിഹ്യങ്ങളും, നാടോടിക്കഥകളും പരിചയപ്പെടുമല്ലോ എന്നോർത്ത് ഒരു സന്തോഷം വന്നു.. ലോകഃ തിയേറ്ററിൽ അല്ലാതെ എവിടെയാണ് കാണുക! തീയേറ്ററിന് നല്കാൻ കഴിയുന്ന കതാർട്ടിക് അനുഭവം അഥവാ നല്ല മലയാളത്തിൽ പറഞ്ഞാൽ വികാരവിരേചനം ഒരു 6 ഇഞ്ച് സ്‌ക്രീനിന് നല്കാൻ സാധ്യമല്ല.
ഈ കതാർസിസിനേയും വെല്ലുന്ന, അതിന്ദ്രീയം എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന ഒന്ന്, നേരിൽ കാണാൻ എനിക്ക് ഭാഗ്യം കിട്ടി. മാതംഗി ഫെസ്റ്റിവലിൻ്റെ ഭാഗമായി മീനാക്ഷി ശ്രീനിവാസൻ്റെ പെർഫോമൻസ്. ഒരു മയൂരമായി വേദി നിറഞ്ഞാടി അവർ കാണികളെ മോഹിപ്പിച്ചു, ഭ്രമിപ്പിച്ചു, ചിരിപ്പിച്ചു, കണ്ണു നനയിച്ചു, കയ്യടിപ്പിച്ചു. അസാധ്യം.. അത്രേ പറയാനുള്ളൂ. നവ്യാ നായരുടെ ഡാൻസ് പെർഫോമൻസും ഫെസ്റ്റിവലിൻ്റെ ആദ്യ ദിവസമേ കണ്ടു. അതും അതിമനോഹരമായിരുന്നു. ബട്ട് മീനാക്ഷി ശ്രീനിവാസൻ ഈസ് മീനാക്ഷി ശ്രീനിവാസൻ.
ഈ ലൈവ് പെർഫോമൻസ് എന്നത് നഷ്ടപ്പെടുത്തരുതാത്ത ഒരു അനുഭവമാണ്. ഫെസ്റ്റിവൽ ക്യൂറേറ്റർ നവ്യ വീട്ടിൽ നിന്നിറങ്ങുന്നതിന് മുന്നേ (!) നമ്മൾ അതുകൊണ്ട് ഫൈൻ ആർട്സ് ഹാളിലെത്തി — ഫ്രണ്ട് സീറ്റിനുവേണ്ടി. മുദ്രകളും മറ്റും മനസ്സിലാക്കാനുള്ള അറിവ് ഭരതനാട്യത്തെപ്പറ്റി ഇല്ലെങ്കിലും, നർത്തകരുടെ ഒരു എക്സ്പ്രെഷൻ പോലും മിസ്സ് ആക്കരുതെന്നാണ് എൻ്റെ ഒരു വെപ്പ്.. ഏത്. പക്ഷേ തൊട്ടുമുന്നിലിരുന്ന കുട്ടിയുടെ വെപ്പ് വേറെ. ആള് സ്റ്റേജിലേയ്ക്ക് വെറുതേപോലും നോക്കാതെ, മിനക്കെട്ടിരുന്ന്, ഫോണിൽ ഡാൻസിൻ്റെ വീഡിയോ എടുക്കുകയും അങ്ങനെ ഏതാണ്ട് മുഴുവൻ പെർഫോമൻസും ആ ഫോണിലൂടെ മാത്രം കാണുകയും ആയിരുന്നു. ഇതൊരു ജെൻ സി കുട്ടി ആണെന്ന് ഞാൻ കാര്യമായി സംശയിക്കുന്നു!?!
എന്തിനും ഏതിനും, എന്തിനു ഞങ്ങൾ ജെൻ സിയുടെ നെഞ്ചത്ത് കയറുന്നു എന്നാണ് ഈയിടെ ചില ജെൻ സികൾ ചോദിച്ചു കേട്ടത്. ജനിച്ച വർഷം വെച്ച് ആരും ജെൻ സി ആവില്ലെന്നാണ് അവർ പറയുന്നത്. അവരുടെ മറ്റൊരു അഭിപ്രായത്തിൽ ജെൻ ആൽഫയാണ് ഈ പ്രശ്‍നം മുഴുവൻ ഉണ്ടാക്കുന്നത്.. എന്നിട്ടോ എല്ലാവരും അതിനുംകൂടി ജെൻ സിയെ പഴിക്കുന്നത്രെ! നമ്മൾ പാവം 90-സ് കിഡ്സ് കഥയറിയാതെ ആട്ടം കാണുന്നു. "ലിക്വിഡ് ഉണ്ടോ ചേച്ചി" എന്നവർ ചോദിച്ചാൽ "ഉണ്ടല്ലോ മോനേ" എന്നുപറഞ്ഞു വെള്ളം നീട്ടുന്നു. പിള്ളേര് അന്തം വിട്ട്, "അയ്യോ ചേച്ചി ലിക്വിഡ് ക്യാഷ് ഉണ്ടോ" എന്നാണ് ചോദിച്ചതെന്ന് വിവരിക്കുന്നു! കലികാലം. അല്ലാതെന്ത്! നമ്മൾ കാര്യത്തിൽ നിന്ന് തെന്നിമാറിയോ എന്നൊരു സന്ദേഹം ഇല്ലാതില്ല. അതിനാൽ എന്നെയും അവരെയും വേർതിരിക്കുന്ന കാലഘട്ടങ്ങളെ വിടാം, എന്നെയും അവരെയും ഒരു റോ അപ്പുറവും ഇപ്പുറവും ഇരുത്തിയ കലയിലേയ്ക്ക് തിരിച്ചു വരാം.
കലയൊരു നിമിഷ നേരത്തെ അത്ഭുതമാണ്; അതിന് സാക്ഷ്യം വഹിക്കാനേ കഴിയൂ, പുനഃസൃഷ്ടിക്കാനാവില്ല. ഉർവശി ചേച്ചി പറയാറില്ലേ.. പത്ത് ടേക്ക് പോയാൽ പത്ത് രീതിക്കേ വരൂ എന്ന്? അതാണല്ലോ ഈ ലൈവ് പെർഫോമൻസുകളെ അത്ര മനോഹരമാക്കുന്നതും. ആദ്യം പടയപ്പ കണ്ടപ്പോൾ, ഗ്രാനൈറ്റ് മല ചിറ്റപ്പന് തീറെഴുതുന്ന പേപ്പറിൽ തലൈവർ ഒപ്പിടുമോ എന്നോർത്ത് ഞാൻ അടിച്ച ടെൻഷൻ! ഇല്ല, ഒപ്പിടില്ല, ഇപ്പോൾ ഒരു ഭീകര കാറ്റു വീശി പേപ്പറൊക്കെ പറക്കുമെന്ന് എൻ്റെ അടുത്തുള്ള ആള് പറഞ്ഞപ്പോളാണ് എനിക്ക് ശ്വാസം നേരെ വീണത്!! ഒരു ലൈവ് നൃത്ത പ്രകടനമോ, ഒരു സിനിമയുടെ ആദ്യ കാഴ്ചയോ... മുഴുവനായും കല തന്നെയോ.. ലാലേട്ടൻ്റെ ഭാഷ കടമെടുത്തു പറഞ്ഞാൽ — ഓരോ 'ഹാപ്പനിംഗ്' ആണ്. അതുകൊണ്ടാണ് എത്ര മനോഹരമായി അത് റെക്കോർഡ് ചെയ്താലും ആ യഥാർത്ഥ അനുഭവം നമുക്ക് തിരികെ കിട്ടാത്തത്. റെക്കോർഡിംഗിൻ്റെ കാര്യം വിടൂ, ആ ഒരനുഭവം ഇനി സാക്ഷാൽ മീനാക്ഷി ശ്രീനിവാസനുപോലും എനിക്കായി ആവർത്തിക്കാനാവില്ല. അടുത്ത തവണ അവർ വേദിയിൽ തീർക്കുന്നത് പുതിയൊരനുഭവമായിരിക്കും, മറ്റൊരു വിസ്മയം. അതുതന്നെ കലയുടെ സൗന്ദര്യവും.
Comments
Post a Comment