Snippet of Recent Posts

പൂർണി.. ടേക്ക് മീ സംവെയർ

പൂർണിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടായിരുന്നു ഗൗരീശങ്കരത്തിലെ ''കണ്ണിൽ കണ്ണിൽ മിന്നും കണ്ണാടിയിൽ..'' ഇന്നത് കേട്ടപ്പോൾ ഞാൻ അവളെ ഓർത്തു. ഓരോ പാട്ടുകൾ ഓരോരുത്തരെ ഓർമ്മിപ്പിക്കും. ഓരോരോ കാരണങ്ങൾ കൊണ്ട്. അവളുടെ കമ്പ്യൂട്ടറിൽ നിറയെ പാട്ടുകളുണ്ടായിരുന്നു. ഒരു വൈകുന്നേരം മുഴുവൻ, ഞങ്ങൾ വെറുതേ ഇങ്ങനെ പാട്ടു കേട്ടിരുന്നു. ശേഷം എനിക്കില്ലാത്ത കുറച്ചു പാട്ടുകൾ ഒരു പെൻ ഡ്രൈവിലാക്കി ഞാൻ കൊണ്ടുപോന്നു. കാലം. കാലം എല്ലാത്തിനെയും പിറകിലേക്ക് നടത്തുന്നു.

ഡ്രൈവ്. അവളുടെ കൂടെയുള്ള ഡ്രൈവ്. ബാംഗ്ലൂരിൽ നിന്ന് വരുന്നവഴിയേതന്നെ, കണ്ട്, വെറുതേ പാലാ മുഴുവൻ ചുറ്റിച്ചുറ്റി, ഇനിയും ഇനിയും എന്ന് ഞാൻ പറയുന്നതിനനുസരിച്ച്, നിർത്താതെ.. അവളുടെ ഡ്രൈവിംഗ് എനിക്കെന്തിഷ്ടമായിരുന്നു. അവളെപ്പോ വണ്ടി ഓടിച്ചാലും ഞാൻ ഇത് പറയും! അവൾ ചിരിച്ചിട്ട്, നീയിപ്പോ ഇത് പറയുമെന്ന് എനിക്കറിയാമായിരുന്നെന്ന് പറയും. ഈ എഴുതുന്നത് വായിക്കാനായിരുന്നെങ്കിൽ, അവൾ പറയും, നീ ഇങ്ങനെയേ ഇതേപ്പറ്റി എഴുതൂ എന്നെനിക്ക് അറിയാമായിരുന്നെന്ന്. ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ മുൻകൂറായി പറയുന്നത് അവൾക്കൊരു വിനോദമായിരുന്നു. എത്ര ആവർത്തിച്ചാലും, അടുത്ത വട്ടം കാറിൽ കയറുന്നപടി, ഞാൻ വീണ്ടും, "പൂർണി.. ടേക്ക് മീ സംവെയർ.. എനിവെയർ!" ചിലർ ഡ്രൈവ് ചെയ്‌താൽ അങ്ങനെയാണ്. എങ്ങോട്ടെന്നില്ലാതെ അലസമലസം പോകാൻ തോന്നും.

എന്തു ഭംഗിയായിരുന്നു അവൾ ക്ലാസിക്കൽ ചെയ്യുന്നത് കാണാൻ. എപ്പോളൊക്കെ ചോദിച്ചാലും.. നിൻ്റെ വട്ട് ഒരിക്കലും തീരില്ലെന്ന് പറഞ്ഞുകൊണ്ടുതന്നെ.. അവളെനിക്കിഷ്ടമുള്ള ഡാൻസ് ചെയ്തുകാണിക്കും. മതിയോ, തൃപ്‌തിയായോ എന്നു ചോദിച്ചു ചിരിക്കും. കോളേജിൽ കണ്ടുമുട്ടിയ എല്ലാവരെയും പറ്റി ഞാൻ ഓരോ സ്വപ്നം കണ്ടിരുന്നു. വർഷങ്ങൾ കഴിഞ്ഞ് അവരെ വീണ്ടും കാണുമ്പോൾ ഞാൻ കണ്ട സ്വപ്നങ്ങൾക്കും, അവരുടെ യാഥാർത്ഥ്യങ്ങൾക്കും ഒരുപാട് അന്തരം ഉണ്ടായിരുന്നു... പൂർണിയുടെയും. ഡാൻസ് ചെയ്തിട്ട് വർഷങ്ങളായെന്ന്, എത്രയോ നിസംഗമായി അവൾ എന്നോട് പറഞ്ഞു. ഡാൻസ് ചെയ്തില്ലെങ്കിലും വേണ്ടില്ല, അവളൊന്നു സന്തോഷിച്ചെങ്കിലും കണ്ടാൽ മതിയെന്ന് എനിക്ക് പിന്നീട് തോന്നി.

പൂർണിയുടെ ജീവിതവും, തീരുമാനങ്ങളും എനിക്കും, പലർക്കും മനസ്സിലാക്കാൻ എളുപ്പമായിരുന്നില്ല. പലതും ഷോക്കിങ്. ഒരുതരത്തിൽ ഓർത്താൽ എല്ലാം ഷോക്കിങ്. അവളുടെ മരണം പോലും. അവൾക്ക് പുനർജന്മം ഉണ്ടാകുമോ? ചില മനുഷ്യർക്കു മാത്രമുള്ളതാണ് പുനർജന്മം. അവൾക്കുണ്ടാവും.

അവൾക്കുവേണ്ടി ഞാൻ പുനർജന്മത്തിൽ വിശ്വസിക്കുന്നു.

Comments

Popular Posts