Snippet of Recent Posts

Post Image

If you can't see the walls...

ജേക്കബ് എലോർഡി എന്ന ഹോളിവുഡ് നടൻ, അയാൾപോലും അറിയാത.. READ MORE..

Post Image

The Art of Washing Hands

ആകാശഗംഗയുടെ അഥവാ ക്ഷീരപഥത്തിൻ്റെ ഉത്ഭവത്തിന് രണ്ടു.. READ MORE..

Post Image

ക്രിക്കറ്റും, ജോമോനും, പിന്നെ ഞാനും

പണ്ടേ ഈ social conditioning എനിക്ക് സ്വല്പം പോലും .. READ MORE..

ക്രിക്കറ്റും, ജോമോനും, പിന്നെ ഞാനും

പണ്ടേ ഈ social conditioning എനിക്ക് സ്വല്പം പോലും ധാരണ ഇല്ലാത്ത ഒരു മേഖലയാണ്. 

കുഞ്ഞിലെ എൻ്റെ വലിയ ആഗ്രഹം മുതിർന്ന ആളാകണം എന്നായിരുന്നു. അപ്പോൾ ആരും നമ്മളോട് അങ്ങനെ ചെയ്യൂ, ഇങ്ങനെ ചെയ്യൂ എന്നൊന്നും പറയില്ലെന്നും, പറഞ്ഞാലും നമുക്ക് സൗകര്യമില്ലെന്ന് പറയാമെന്നും ഞാൻ ധരിച്ചുവെച്ചു! മുതിർന്നപ്പോളാണ് മുതിർന്നവരോടും എല്ലാവരുടെയും പെരുമാറ്റം ഇതുതന്നെയെന്നു മനസ്സിലായത്!!

കുഞ്ഞുന്നാളിൽ എൻ്റെ പ്രധാന കൂട്ട് ജോമോൻ ആയിരുന്നു. എനിക്കീ ലോകത്തെ ആദ്യത്തെ കൂട്ടുകാരനും ജോമോനാണ്.. ജോമോന് എന്നേക്കാൾ 5 വയസ്സ് കൂടുതൽ. മുതിർന്നവരോട് കൂടാനാണ് സ്വതവേ ഇഷ്ടം.. അതൊരു രസം. 'ജോമാനേ ജോമാനേ' എന്ന് പറഞ്ഞ് ആളുടെ പിറകെ നടക്കലാണ് എൻ്റെ പണി. ജോമോനാണ് എന്നെ ക്രിക്കറ്റ് കളിക്കാൻ പഠിപ്പിച്ചത്. മടൽ ചെത്തി ബാറ്റ് ഉണ്ടാക്കുന്നതും, കാപ്പിക്കമ്പ് കൂർപ്പിച്ച് stump അഥവാ നാടൻ ഭാഷയിൽ കുറ്റി ഉണ്ടാക്കുന്നതും ജോമോൻ. ഒരു പ്ലാസ്റ്റിക് പന്തും ഞങ്ങൾക്കുണ്ട്. ബാറ്റിംഗ് ആയിരുന്നു എനിക്ക് പഥ്യം. ജോമോൻ മടുപ്പില്ലാതെ എത്ര ബോൾ വേണമെങ്കിലും എറിഞ്ഞുതരും, അടിക്കാൻ പാകത്തിന്. ഞാൻ സിക്സും ഫോറും അടിച്ചുകൂട്ടി സന്തോഷിക്കും.

കളിക്കാൻ മാത്രമല്ല, കളി കാണാനും പഠിപ്പിച്ചത് ജോമോൻ ആണ്. ഓരോ രാജ്യത്തിൻ്റെയും കളിക്കാരെ പരിചയപ്പെടുന്നതും, അവരുടെ മെച്ചവും കോട്ടവും പറയുന്നതും ജോമോൻ. ആളുടെ പ്രിയപ്പെട്ട കളിക്കാർ, പതിയെപ്പതിയെ എൻ്റെയും പ്രിയപ്പെട്ടവരായി. ജോമോൻ വന്നാൽ ക്രിക്കറ്റുകളിതന്നെ പരിപാടി. കളിക്കുന്നില്ലെങ്കിൽ ഞങ്ങള് ടിവി കാണും. 

അന്നെല്ലാ വീട്ടിലും ടിവി ഉണ്ടായിരുന്നില്ല. അതുകൊണ്ട് അയൽവക്കത്തുള്ള ഉണ്ണി, ടോമി, അനൂപ്, ഒക്കെ കളി കാണാൻ നമ്മളുടെ വീട്ടിൽ വരും..  ഇവരൊക്കെ ജോമോനെക്കാൾ മുതിർന്നവരാണ്. എല്ലാവരെയും ഞാൻ പേര് വിളിച്ചു. ചേട്ടാ എന്ന് വിളിക്കാൻ അതിലും ഏറെ പ്രായം കൂടിയവരെ തിരഞ്ഞെടുത്തു! 

ഇന്ത്യയുടെ ഒരു കളി പോലും കാണാതെ വിടാറില്ല. 90-കളുടെ ഈ രണ്ടാം പാതിയിൽ, സച്ചിൻ തന്നെ ഏവരുടെയും (ക്രിക്കറ്റ് അറിയാത്തവരുടെപോലും) ആരാധനാപാത്രം. സച്ചിൻ-അക്തർ, സച്ചിൻ-അക്രം, സച്ചിൻ-വോൺ, സച്ചിൻ-മക്ഗ്രാത്ത്, സച്ചിൻ-മുരളി... ഇങ്ങനെ ശ്വാസം നിലയ്ക്കുംവിധം one on one stand offs! ചുരുക്കം പറഞ്ഞാൽ സച്ചിനായിരുന്നു ഇന്ത്യൻ ടീം        2000-ാം ആണ്ടിൽ സൗരവ് ഗാംഗുലി എന്ന ക്യാപ്റ്റൻ വരുന്നതുവരെ. ശേഷം ഇന്ത്യയുടെ കളി മാറി, ചരിത്രം മാറി! അപ്പോളേക്കും, ബാലരമക്കൊപ്പം പ്രധാന കളിക്കാരുടെ വലിയ സൈസ് പോസ്റ്റർ കിട്ടിത്തുടങ്ങി. അതൊക്കെ സൂക്ഷിച്ചുവെച്ച്.. നമ്മുടെ കളിക്കാർ ഇറങ്ങുന്നകൂടെ.. ടിവി സ്ക്രീനിലേയ്ക്ക്  ആവേശത്തോടെ ഞാനീ പോസ്റ്റർ വീശും!

കുറച്ചുകൂടി വലിയ ക്ലാസ്സിൽ ഞാൻ എത്തിയപ്പോളേക്കും, ജോമോൻ പഠിത്തമൊക്കെ നിർത്തി, പണിക്ക് പോകാൻ തുടങ്ങി. അങ്ങനെ ക്രിക്കറ്റ് കളി തനിച്ചായി. തനിച്ചായതോടെ ഇനി ബൗളിംഗ് മാത്രം മതി എന്ന് നിശ്ചയിച്ചു. ഒരു stump മാത്രം നിറുത്തി വിക്കറ്റ് വീഴിക്കലായിരുന്നു പ്രധാന വിനോദം. സഹീർ ഖാൻ്റെ ബൗളിംഗ് ആക്ഷൻ അക്കാലത്ത് വലിയൊരു ചർച്ച ആയിരുന്നു. അതനുകരിച്ച് എറിഞ്ഞ്, ഒരു ടൂർണമെൻ്റ് ജയിച്ചതായി അഭിനയിച്ച്, മുറ്റത്തുകൂടി മുഷ്ടിയും ചുരുട്ടി ഞാൻ ഓടി! നീണ്ട റൺ അപ്പിന് മടിയുള്ളപ്പോൾ, ഭാജിയെ അനുകരിച്ച് ദൂസ്‌ര എറിഞ്ഞു. ഇന്നും സഹീറിനെപ്പോലെ ഫാസ്റ്റും, ഹർഭജനെപ്പോലെ സ്പിന്നും എറിയുന്നതെങ്ങനെ എന്ന് എനിക്കോർമ്മയുണ്ട്! 

സമപ്രായക്കാരായ മറ്റു കുട്ടികൾ എന്തു ചെയ്തിരുന്നു എന്നറിയാൻ പോലും എനിക്കു താൽപര്യം ഉണ്ടായിരുന്നില്ല. സ്കൂളിൽ ചെന്നപ്പോളാണ് ഞാൻ മനസ്സിലാക്കിയത്, ക്ലാസ്സിലെ ഭൂരിപക്ഷം പെൺകുട്ടികൾക്കും ക്രിക്കറ്റ് അറിയില്ലെന്ന്! ജോമോനും ഞാനും സ്വച്ഛമായി കളിച്ച ഈ കളിക്ക് ജെൻഡർ ഉണ്ടെന്നത് എനിക്കൊരു വലിയ അത്ഭുതമായി. ഒരു കളിക്കെങ്ങനെ ജെൻഡർ ഉണ്ടാകും എന്ന് ഞാൻ അതിശയിച്ചു?! ഡ്രിൽ പീരിയഡിൽ ആൺകുട്ടികൾ ഒരു ഫുട്ബോളുമായി ഗ്രൗണ്ടിൽ ഇറങ്ങും. പെൺകുട്ടികൾ ഗ്രൗണ്ടിൽ കൂടിയിരുന്ന്  വർത്തമാനം പറയും. ചിലരൊക്കെ.. 'സീ സീ സീ..സീതാരാമൻ അപ്പം ചുട്ടു' എന്നൊരു ഉണ്ടാക്കിപ്പാട്ട് പ്രത്യേക ക്രമത്തിൽ കൈകൊട്ടിപ്പാടി. അല്ലെങ്കിൽ.. 'ഡും ഡും ഡും! ആരാണ്? മാലാഖ! എന്തിനു വന്നു? നിറത്തിനു വന്നു!'.. ഈ വകുപ്പിൽപ്പെട്ട മേലനങ്ങേണ്ടാത്ത കളികൾ കളിച്ചു. ആ ഗ്രൗണ്ടിൽ വെറുതേ ഇരുന്ന് വെയിലുകൊണ്ട് എനിക്കു മടുത്തു. 

പൊതു കളിസ്‌ഥലങ്ങൾ കാണുമ്പോൾ, അവിടെങ്ങാനും ഒരു കൗമാരക്കാരിയെ കാണാനുണ്ടോയെന്ന്, ഞാൻ ഇപ്പോളും പ്രതീക്ഷയോടെ നോക്കാറുണ്ട്.

ഈയിടെ 'പല്ലൊട്ടി 90s കിഡ്‌സ്‌' എന്ന സിനിമയിലെ കണ്ണൻ ചേട്ടനെ കണ്ടപ്പോൾ ജോമോനെ ഒരുപാട് ഓർമ്മ വന്നു. ജോമോൻ എനിക്കാരായിരുന്നു എന്ന് തീർച്ചയില്ല.. mentor, childhood hero, friend, safe place? ഒന്നുറപ്പ്.. ജോമോൻ ഇല്ലെങ്കിൽ എനിക്ക് ക്രിക്കറ്റ് ഇല്ല. ക്രിക്കറ്റ് ഇല്ലാതെ എൻ്റെ ബാല്യവും, കൗമാരവും, യൗവ്വനത്തിൻ്റെ നല്ല പങ്കും ഇല്ല. It hits me      ജോമോൻ ക്രിക്കറ്റ് മാത്രമല്ല പഠിപ്പിച്ചത്! എൻ്റെ ലോകത്തിന്, എൻ്റെ സ്വാതന്ത്ര്യത്തിന്, എൻ്റെ ഇഷ്ടങ്ങൾക്ക്... അതിരുകളില്ലെന്നു കൂടി ആ കൂട്ടുകാരൻ എനിക്ക് പറയാതെ പറഞ്ഞുതന്നു. 

Not everyone gets a Jomon. Maybe, everyone should. Or maybe, as I grew outside of the bubble, I’ve been asking the wrong question... Maybe it’s not about whether everyone gets a Jomon, but whether everyone can be a Jomon.

ആദ്യമേ പറഞ്ഞല്ലോ, ഈ social conditioning എനിക്ക് സ്വല്പം പോലും ധാരണ ഇല്ലാത്ത ഒരു മേഖലയാണ്. പണ്ടുമാത്രമല്ല, ഇന്നും. 

Comments

Popular Posts