മാണിക്ക്യച്ചെമ്പഴുക്ക
The ruby-red glow of the distant eastern sky,
I placed it today upon my betel leaf offering...
മൊഴിമാറിയപ്പോൾ എന്തെങ്കിലും നഷ്ടമായോ?
ചെമ്പഴുക്കയും, താമ്പാളവും നമുക്കു മാത്രം പരിചയമുള്ള സൂക്ഷിപ്പുകൾ. ഉദയസൂര്യൻ ചെമ്പഴുക്ക പോലെയെന്ന് നമുക്കേ പരിചയമുള്ളൂ. നല്ല പഴുത്ത പാക്കെടുത്തുവേണം വെറ്റില മുറുക്കാൻ എന്നും നമുക്കേ അറിയൂ.
ഭാഷ എന്നത് കേവലം ഭാഷയല്ല, അറിവു സമ്പ്രദായം കൂടിയാകുന്നു ഒരു ദേശത്തിൻ്റെ, അതിൻ്റെ പരിസ്‌ഥിതിയുടെ, അവരുടെ കൂട്ടനുഭവങ്ങളുടെ, ആ വാമൊഴിയുടെ. ദസ്തയേവ്സ്കിയെ വായിക്കാൻ മാത്രമായി Russian പഠിച്ച ആരെയോ പറ്റി ഇന്നാള് വായിച്ചു. Lost in translation എന്താണെന്ന് മനസ്സിലാക്കാൻ, ഞാനും, രണ്ടാമൂഴം ഇംഗ്ലീഷിൽ വായിച്ചു നോക്കിയിട്ടുണ്ട്. ഉറപ്പാണ്, ഭാഷയ്ക്ക് അതിൻ്റെ ആവാസവ്യവസ്‌ഥ വിട്ടൊരു കളിയില്ല. 'പള്ളിക്കൂടം' എന്ന വാക്കുതന്നെ ഇടുന്ന cultural weight അതായത് സാംസ്‌കാരിക ഭാരം/ പ്രാധാന്യം/ഉത്തരവാദിത്തം (terrible translation, isn't it!) അത് നമ്മുടെ നാടിനോട് അത്രയ്ക്കും ചേർന്ന് കിടക്കുന്നു. School-ന് ഒരിക്കലും പള്ളിക്കൂടം ആകാനാവില്ല!
വേദനകളെപ്പറ്റി, തോൽവികളെപ്പറ്റി സംസാരിക്കുമ്പോൾ എന്തുകൊണ്ട് നമ്മൾ മറ്റൊരു ഭാഷയിലേക്ക് ചുവടുമാറുന്നു. 'ഞാൻ തോറ്റുപോയെ'ന്നു പറയുന്നതിലെ നോവും നനവും, I failed ഒപ്പിയെടുക്കില്ലെന്നുള്ള വിശ്വാസം ആവാം. I love you എന്നു പറയുന്ന ലാഘവത്തിൽ, 'എനിക്കു നിന്നെ എന്തിഷ്ടമാണെന്നോ..' എന്നു പറയാൻ നമുക്കാവുമോ? മാതൃഭാഷ കൂടെ കൊണ്ടുവരുന്ന vulnerability... അത് ചേർത്തെടുക്കാൻ ഒരു ധൈര്യം വേണം.
വാലി ഒരു തമിഴ് സിനിമയ്ക്കായി എഴുതിയ 'Velichappoove..' എന്ന പാട്ടിനു തുടക്കം.. 'Min vettu naalil ingey minsaram poley vanthaaye.. va va en velichapoove vaa'. ഇതിനെ അക്ഷരംപ്രതി മൊഴിമാറ്റിയാൽ പവർ കട്ടുള്ള ഒരു ദിവസം, ഇടിമിന്നൽ പോലെ നീ വന്നു എന്നാകും അർത്ഥം. Current cut-നെ 'min vettu' എന്നും മറ്റും മാറ്റാനുള്ള കവിയുടെ കഴിവ്, തമിഴൻ്റെ ഭാഷാപ്രേമത്തിൻ്റെ കൂടി തെളിവാണ്. ഇതേ കാരണംകൊണ്ട്.. പല ഇംഗ്ലീഷ് വാക്കുകൾക്കും തുല്യം തമിഴ് വാക്കുകൾ, സുലഭമായി കാണാം. ഡയറി എന്നതിന് Naal Kurippu, ഫോട്ടോയ്ക്ക് Pugai Padam, ടിവിയ്ക്ക് Tholaikkaatchi, എന്നിങ്ങനെ ഒരു ബ്രാൻഡ് ആയ ഫേസ്ബുക്കിനെവരെ അവർ Muganool എന്ന് പരിഷ്കരിച്ചു സ്വന്തമാക്കുന്നു. മലയാളി ഇക്കാര്യത്തിൽ കുറേക്കൂടി liberal ആണ്. Liberal ആയി ആയി, ആനവണ്ടി പോലും പതിയെ നമ്മുടെ ഭാഷയിൽ നിന്ന് അപ്രത്യക്ഷമാവുകയാണ്.
ഫെബ്രുവരിയിൽ, മാതൃഭാഷാദിനത്തിൽ കാരശ്ശേരി മാഷ് പറയുകയുണ്ടായി : 'നമുക്ക് വൈകുന്നേരം കാണാം എന്ന് പറയേണ്ടതിനു പകരം ഇപ്പോൾ ചിലർ, നമുക്ക് ഈവനിങ്ങിൽ മീറ്റ് ചെയ്യാം എന്ന് പറയുന്നത് കേൾക്കാറുണ്ടെ'ന്ന്. മലയാളിയുടെ ഈ അധമബോധം ഭാഷയുടെ മരണത്തിനാവും വഴിവെക്കുക എന്നദ്ദേഹം ഓർമിപ്പിക്കുന്നു.
വീണാൽ, അമ്മേ എന്ന് വിളിക്കാൻ നമ്മെ ആരെങ്കിലും പഠിപ്പിക്കേണ്ടി വന്നോ? അതുപോലെയാകുന്നു എൻ്റെ ഭാഷയും. ഞാൻ കരഞ്ഞതും, ചിരിച്ചതും ആ മടിയിൽ കിടന്നാണ്. അമ്മയില്ലാതെ വീടുണ്ടോ? അമ്മയുടെ മണമാണ് വീടിൻ്റെ മണം.
ഇതെഴുതുമ്പോൾ, എം.ടി.യുടെ കൈപ്പടയിൽ കുറിച്ച നമ്മുടെ ഔദ്യോഗിക ഭാഷാപ്രതിജ്ഞയാണ് ഓർമ്മ വരുന്നത് :
'' മലയാളമാണ് എൻ്റെ ഭാഷ, എൻ്റെ ഭാഷ എൻ്റെ വീടാണ്. എൻ്റെ ആകാശമാണ്. ഞാന്‍ കാണുന്ന നക്ഷത്രമാണ്. എന്നെ തഴുകുന്ന കാറ്റാണ്. എൻ്റെ ദാഹം ശമിപ്പിക്കുന്ന കുളിര്‍ വെള്ളമാണ്. എൻ്റെ അമ്മയുടെ തലോടലും ശാസനയുമാണ്. ഏതുനാട്ടിലെത്തിയാലും ഞാന്‍ സ്വപ്‌നം കാണുന്നത് എൻ്റെ ഭാഷയിലാണ്. എൻ്റെ ഭാഷ ഞാന്‍ തന്നെയാണ് ''.
......
മഴ കൊള്ളാതിരിക്കാൻ കയറി നിന്ന ഒരു ബസ് സ്റ്റോപ്പ്. ശീഘ്രം കടന്നുപോകുന്ന വാഹനങ്ങൾ. ചാറ്റൽ ഉള്ളപ്പോൾ ഒരു രസമാണ്, ഇങ്ങനെ വെറുതേ നിന്ന് വണ്ടിയെണ്ണാൻ. വീടെത്താൻ തിടുക്കമില്ലാത്തവർക്ക് ഇങ്ങനെ പല രസങ്ങളുണ്ട് ജീവിതത്തിൽ!
കടന്നുപോയതിലെ ഒരു ചുവന്ന ആക്ടിവ റിവേഴ്‌സ് എടുത്ത് തിരിച്ചുവരുന്നു... ആ കീചെയ്ൻ എനിക്കു നല്ല പരിചയമുണ്ട്. അതിൽത്തന്നെ എൻ്റെ ശ്രദ്ധ.
ഇങ്ങനെ അവിചാരിതമായി കണ്ടയാൾ വന്ന്.. 'നീ സുഖമായിരിക്കുന്നോ.. എത്ര വർഷങ്ങളായി കണ്ടിട്ട്.. ഇപ്പോളും ഒരു മഴ പെയ്താൽ, പൂ വാക പൂത്തുകണ്ടാൽ, നിൻ്റെ കൂടെ കണ്ട കാഴ്ചകളാണ് മുന്നിൽ വരിക'യെന്ന് പറഞ്ഞാൽ... പറഞ്ഞാൽ ഏതു ഭാഷയിലേക്ക്.. മലയാളത്തിലേക്കു തന്നെ അതിനെ മൊഴിമാറ്റാൻ ആകുമോ?
Comments
Post a Comment