മഴ. പുഴ. വഴി.
പടിഞ്ഞാറ്റുകാവിൽ നിന്നുള്ള വർക്കിയുടെ (വർക്കീസ് ഹോം) ഷോർട്ട് വീഡിയോ കണ്ടപ്പോഴാണ്, അമ്പലത്തിൽ പോയിട്ട് നാളേറെയായല്ലോ എന്ന് ഓർമ്മ വന്നത്. എറണാകുളത്തപ്പൻ്റെ ഉത്സവത്തിന് പോയതാണ് അവസാനം... അതുപിന്നെ ആ തിരക്കിനിടെ.. അല്ലെങ്കിലും ആ പോക്കിൻ്റെ പ്രധാന ഉദ്ദേശ്യം അന്നദാനത്തിൽ പങ്കെടുക്കുന്നതായിരുന്നു. വർക്കിയുടെ വീഡിയോ എൻ്റെ പ്രിയ സുഹൃത്തിനെ കാണിച്ചപ്പോൾ — അവളുടെ ഒപ്പം ഭരണങ്ങാനം അമ്പലത്തിൽ പോകാൻ ഒരു പ്രത്യേക സുഖമായിരുന്നു.. ഭരണങ്ങാനത്തെ കൃഷ്ണന് എപ്പോഴും നല്ല സന്തോഷമാണ് — കാണിച്ചപ്പോൾ അവൾ പറഞ്ഞു, പടിഞ്ഞാറ്റുകാവുപോലെ പഴയ മട്ടിലെ അമ്പലങ്ങൾ ഇപ്പോൾ കുറവാണെന്ന്. മിക്കയിടത്തും ടൈൽ ഒക്കെ വിരിച്ചുവെന്ന്.
പുറമെ ടൈലും അകമേ മാർബിളും വിരിച്ച, ഭീമൻ ഷാന്‍ഡ്‌ലിയറുകള്‍ തൂക്കിയ കൊട്ടാരസമാനമായ പള്ളികൾ ഞാൻ നിർവികാരമായേ നോക്കാറുള്ളൂ. ബിസിനസ് അസ് യൂഷ്വൽ! എന്നാൽ ചുറ്റുമതിലാകെ പായല് നിറഞ്ഞ, നനവുള്ള അമ്പലങ്ങളുടെ കാര്യത്തിൽ എനിക്കിത്തിരി നിർബന്ധമുണ്ട്... അമ്പലത്തിൽ ടൈൽ വിരിച്ചാൽ എന്തോ ഒരു നഷ്ടബോധമാണ്. പഴയ നനവ് തുടച്ചുമാറ്റിയ പോലെ.
ആൽമരത്തിൻ്റെ തണലിൽ എപ്പോഴും വട്ടമിട്ടു വീശുന്ന കാറ്റ്, ചുറ്റുമതിലിലെ പച്ചപ്പ്, സദാ തണുപ്പിലുറങ്ങുന്ന കരിങ്കൽപ്പാളികൾ. ചെരുപ്പഴിച്ച് പടികടന്നാൽ പുറംലോകത്തിൻ്റെ ബഹളങ്ങളെ പെട്ടെന്ന് കൊട്ടിയടയ്ക്കുന്ന നിശബ്ദത... മഴ നനഞ്ഞ ചുറ്റമ്പലം, നല്ലെണ്ണ കത്തുന്ന കൽവിളക്ക്, ദേവന് ചാർത്താനുള്ള പൂക്കൾ. മൂന്നും ചേർന്നൊരു ഗന്ധം. ഉൾചിന്തകൾക്കെല്ലാം അല്പനേരം തങ്ങാൻ വേണ്ടുന്ന ഇരുട്ടും, കൺതുറക്കാൻ ഗർഭഗൃഹത്തിലെ നേരിയ വെളിച്ചവും.
ആ മതിൽക്കെട്ടിലൂടെ നടന്നാൽ "ദേവകന്യക സൂര്യതംബുരു മീട്ടുന്നു.." എന്ന പാട്ട് പശ്ചാത്തലത്തിൽ കേൾക്കുന്നതുപോലെ തോന്നും. എൻ്റെ നാട്. എൻ്റെ മലയാളം. മഴ ഇല്ലാതെ മലയാളം ഉണ്ടോ? ഇന്നാള് ഡിസി ലിറ്ററേച്ചർ ഫെസ്റ്റിൽ വന്നവരോട്, മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട വാക്കേതെന്ന് ചോദിച്ചപ്പോൾ, 'അമ്മ' കഴിഞ്ഞാൽ ഏറ്റവും പേര് പറഞ്ഞത് 'മഴ' എന്നാണ്. മഴ. പുഴ. വഴി. ഹാ... കൽവിളക്കിൻ്റെ വെളിച്ചവും പായലിൻ്റെ നനവുമുള്ള എൻ്റെ മലയാളം!
Comments
Post a Comment