വാകമരത്തിൻ്റെ ഓർമ്മയ്ക്ക്..
തണുത്ത തണലിൽ ഒളിച്ചിരിക്കുന്ന ആ കല്ലു ബെഞ്ചിൽ,
പ്രണയത്തിനു തൻ്റെ മുഖമാണെന്നു പറഞ്ഞു
കാത്തിരിക്കാൻ ആരുമുണ്ടായിരുന്നില്ല.
മുദ്രാവാക്യങ്ങളും, കാറ്റുചൊല്ലുന്ന കവിതകളും ഏറ്റുപാടാൻ
അമ്മച്ചിമാവുകളില്ലാത്ത ക്യാമ്പസ്.
വലത്തോട്ടുതിരിഞ്ഞാൽ എൻ്റെ പ്രിയപ്പെട്ട ലൈബ്രറി.
മൂന്നുവർഷത്തെ എൻ്റെ ഹൃദയത്തിൻ്റെ കണ്ണുനീർ വീണ്
അവ്യക്തമായ അക്ഷരങ്ങൾക്കും,
ഒട്ടിപ്പിടിച്ച പേജുകൾക്കുമിടയിൽ - പഴമയുടെ സുഗന്ധത്തിനുള്ളിൽ -
എന്നെ ഒളിപ്പിയ്ക്കാൻ ശ്രമിക്കുമ്പോൾ
തിടുക്കപ്പെട്ടു കടന്നുപോയ കാലുകൾ ഞാൻ കണ്ടില്ല!
ഇടത്തോട്ടുപോയാൽ ( എൻ്റെ ക്ലാസ്സ്മുറി )
ചപ്പിലകൾക്കിടയിലെ സർപ്പത്തിൻ്റെ
മുഖവും കണ്ണുകളുമായി ആരൊക്കെയോ..
അവരുടെ ചൂണ്ടുവിരലുകൾ നിവർന്നിരുന്നു.
എൻ്റെ നിരയെത്താത്ത പല്ലുകളിലെ വെളുത്ത പൂപ്പലിനെക്കുറിച്ചുള്ള ചോദ്യങ്ങളും,
കാലം എൻ്റെ തലയിൽനിന്നും ഉരിഞ്ഞെടുത്ത മുടിച്ചുരുളുകളുടെ എണ്ണവും
അവരുടെ കയ്യിൽ ഭദ്രമായിരുന്നു.
ഒരുപക്ഷേ വിയർപ്പുനാറ്റമുള്ള ഞാൻ അവരെ അസ്വസ്‌ഥരാക്കിയിട്ടുണ്ടാവാം.
കട്ടികൂടിയ ചില്ലുകൾക്കുമപ്പുറത്ത്
ഉറങ്ങുന്ന കണ്ണുകൾക്കു കീഴിലെ നിഴലിൽ
ചുളിവുകൾ വീണത് അവർ കണ്ടിട്ടുണ്ടാവുമോ?
എൻ്റെ പുഞ്ചിരിക്കുന്ന മുഖമൂടി മാന്തിക്കീറാൻ ശ്രമിച്ച്
അവരുടെ നഖങ്ങളൊടിഞ്ഞു.
അവരുടെ വിരലുകളിലെ ചായം
എൻ്റെ കണ്ണുകളിൽ വീണുകലങ്ങിയപ്പോൾ
ഞാനൊരു പേമുഖമായിമാറി.
പിന്നീട്,
കണ്ണടയ്ക്കുമ്പോൾ അവർ കണ്ട സ്വപ്നങ്ങൾക്ക്
എൻ്റെ മുഖമായിരുന്നു.
പനിനീർച്ചാമ്പചുവട്ടിൽ വീണുടഞ്ഞ കവിതകളിലാണ്
ആദ്യമായി എൻ്റെ വിപ്ലവങ്ങൾ ജനിച്ചത്.
തേക്കിലയിൽ തട്ടിക്കുടഞ്ഞു പങ്കുവെച്ച
ചാക്കരിച്ചോറും മുളകുചമ്മന്തിയും ഭക്ഷിച്ച് അവ ജീവിച്ചു.
പിന്നീട്, ക്ലാസ്സ്മുറികളിൽ പാശ്ചാത്യരുടെ അക്ഷരത്തെറ്റുകൾക്കുള്ളിൽ പിടഞ്ഞുമരിച്ചു.
മറ്റൊരു ലോകംചുറ്റലിൽ പുനർജനിച്ചു.
ഞങ്ങളുടെ ലോകംചുറ്റൽ - ചെളിപിടിച്ച മേശക്കിരുപുറവും -
ചൂടുള്ള ഒരു കാപ്പിയിലോ, (മേശയിലടിച്ചു കൈ വേദനിച്ച) എന്നത്തേയും ഒരു പൊട്ടിത്തെറിയിലോ,
ചിലനേരം ഒഴുകുന്ന കണ്ണുകൾക്ക് കീഴെ നീലിച്ച നിശ്ശബ്ദതയിലോ അവസാനിച്ചിരുന്നു.
കൂട്ടികിഴിക്കലുകൾക്കും, ഊഹാപോഹങ്ങൾക്കും
വാദപ്രതിവാദങ്ങൾക്കും,
കണ്ണീരിനുമിടയിൽ
ഞെരുങ്ങി വികൃതമായിപോയതെങ്കിലും
ഇനിയും ചിരിക്കാൻ ശ്രമിക്കുന്ന മുഖങ്ങൾ ഞാൻ തേടിക്കൊണ്ടേയിരുന്നു.
ചിലപ്പോൾ നമ്മുടെ സൗഹൃദത്തിൻ്റെ മധുരം
നിൻ്റെ നെറ്റിയിലെ ചുവന്ന സിന്ദൂരത്തിനുള്ളിൽ അലിഞ്ഞുപോയേക്കാം.
കൂടിക്കാഴ്ചകളിൽ നിന്നും കത്തുകളിലേക്കും
പൂരിപ്പിക്കപ്പെടേണ്ടുന്ന ഫോൺകോളുകളിലേക്കും
മറവിയുടെ ആഴങ്ങളുടെ ആഴങ്ങളിലേക്കും
നമ്മിലെ നാം വീണുതുടങ്ങുമ്പോഴും..
ഒരു മഴയ്ക്കും വേനലിനുമിടയിൽ
നമുക്കിടയിലുണ്ടായതെല്ലാം മറക്കാൻ
നമ്മുടെ കാലടികൾ പതിഞ്ഞ ഈ മണൽത്തരികൾക്ക് കഴിയട്ടെ!
തടിയൻ ചതുരത്തൂണുകളുടെ നിഴലുകളുറങ്ങുന്ന
ആ തണുത്ത ഇടനാഴികളെ തേടിയവർ ഒരുപക്ഷേ ഞങ്ങൾ മാത്രം.
ഓട്ടോഗ്രാഫിൻ്റെ നീലപ്പേജുകളിൽ
ബെസ്റ്റ് വിഷസ് എന്ന പേരിൽ ഇന്ന് നിൻ്റെ ഓർമ്മകൾ ഒട്ടിപ്പിടിച്ചിരിക്കുന്നു.
നാം തമ്മിലിത്ര മാത്രം!
ചെയ്തു തന്നതിനെല്ലാം ' താങ്ക്സ് ',
ചെയ്തുപോയതിനെല്ലാം ' സോറി '.
മാമ്പൂവിനും മരങ്ങൾക്കും പ്രണയമുണ്ടെന്നു പറഞ്ഞുപോയതിന്..
കാത്തുനിന്നിട്ടും കാണാതെ പോയതിന്..
വെറുത്തപ്പോഴും സ്നേഹിച്ചുപോയതിന്..
എൻ്റെ ഹൃദയത്തിൻ്റെ അടരുകൾ
നിന്നെ നൊമ്പരപെടുത്തിയെങ്കിൽ അതിനും..
ഞാനിറങ്ങട്ടെ.
ഈ വാകമരങ്ങൾ പൂക്കുന്നതുകാണാൻ
ഇവിടെയിനി ഞാനുണ്ടാവില്ല.
കൊഴിഞ്ഞുണങ്ങിയ വാകപ്പൂക്കളും, ആരോടും പറയാത്ത പ്രണയത്തിൻ്റെ കഥകളും..
വെള്ളെഴുത്തുബാധിച്ച എൻ്റെ കണ്ണുകൾക്കുമുന്നിൽ അവ്യക്തമാകുന്നു.
കൊഴിഞ്ഞു ഉണങ്ങിയ വാകപ്പൂക്കൾ, അത്രമാത്രം.
ReplyDelete